മംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരു ബുധൻഗിരി മലനിരകളിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. ഏകദേശം 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതായത്. സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള നാല്പതംഗ സംഘത്തോടൊപ്പമാണ് പെൺകുട്ടി ബുധൻഗിരി മലയിലെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപമുള്ള ചെങ്കുത്തായ മേഖലയിൽ വെച്ചാണ് കുട്ടിയെ കാണാതാകുന്നത്. കുടുംബാംഗങ്ങൾ ഫോട്ടോ എടുക്കുന്നതിനിടയിൽ മുകൾ ഭാഗത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിനടുത്തേക്ക് ശ്രീനന്ദ നടന്നുപോകുന്നത് ചിലർ കണ്ടിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം മറ്റുള്ളവർ അവിടെ എത്തിയപ്പോഴേക്കും കുട്ടിയെ കാണാനില്ലായിരുന്നു.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്ന സംശയത്തിൽ കുടുംബം ചിക്കമംഗളൂരു നോർത്ത് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ദുരന്തനിവാരണ സേന, വനം വകുപ്പ്, പോലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായി വൻ തിരച്ചിൽ ആരംഭിച്ചു. തെർമൽ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു കൊക്കകളിൽ പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് 1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

