ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് വിട്ട് മന്ദാനയ്ക്കു കൂട്ടിരിക്കാന്‍ നാട്ടിലെത്തിയ ജമീമ സുനില്‍ ഷെട്ടിക്കു മനുഷ്യപ്പറ്റിന്റെ ഉദാഹരണം

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ തന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ടതും സാമ്പത്തികമായി വളരെ മെച്ചം ലഭിക്കുന്നതുമായ അവസരം ഉപേക്ഷിച്ച് സുഹൃത്തിന് തുണ നില്‍ക്കാന്‍ ഓടി നാട്ടിലെത്തിയ ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്റര്‍ക്ക് സമൂഹ മാധ്യമത്തില്‍ അഭിനന്ദന പ്രവാഹം. സ്മൃതി മന്ദാനയ്‌ക്കൊപ്പം ആശുപത്രിയില്‍ തുണ നില്‍ക്കുന്ന ജമീമ റോഡ്‌റിഗ്‌സിന്റെ വീഡിയോ അഭിനന്ദനം സഹിതം പോസ്റ്റ് ചെയ്തത് ബോളിവുഡിലെ താരം സുനില്‍ ഷെട്ടിയാണ്. മന്ദാനയുടെ പിതാവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അതിന്റെ പേരില്‍ മന്ദാന വിവാഹം പോലും മാറ്റിവയ്ക്കുകയും ചെയ്ത വാര്‍ത്ത അറിഞ്ഞാണ് ജമീമ ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് പറന്നെത്തിയത്.

ആശുപത്രിയില്‍ മന്ദാനയ്‌ക്കൊപ്പം അപ്പോള്‍ മുതല്‍ ജമീമയുമുണ്ട്. മന്ദാനയുടെ വിവാഹം മാറ്റിവച്ചതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങളുടെ പെരുമഴയുമാണ്. അത് എന്തായാലും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം മന്ദാന തന്റെ സമൂഹ മാധ്യമ പേജുകളില്‍ നിന്നു നീക്കം ചെയ്തപ്പോള്‍ താന്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ ജമീമയും ഡിലീറ്റ് ചെയ്ത് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു.

സുഹൃത്തിന്റെ പിതാവിന്റെ അസുഖ വിവരമറിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗ് മത്സരങ്ങളില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ് എന്ന ടീമിന്റെ സ്റ്റാര്‍ ബാറ്ററായി ജമീമ കളിക്കുകയായിരുന്നു. ആ കളി കഴിഞ്ഞതും ശേഷിക്കുന്ന മത്സരങ്ങളെല്ലാം റദ്ദാക്കിയാണ് നാട്ടിലേക്കു തിരിക്കുന്നത്. മുംബൈ സ്വദേശി തന്നെയായ ജമീമയുടെ വലിയ മനസ് കണ്ടാണ് സുനില്‍ ഷെട്ടി ഇതിന്റെ ചിത്രം പങ്കുവയ്ക്കുന്നത്. ഇതിനൊപ്പം മനോഹരമായ വാക്കുകളില്‍ അഭിനന്ദനവും നല്‍കുന്നുണ്ട് ഷെട്ടി.

Leave a Reply

Your email address will not be published. Required fields are marked *