ഇംഫാൽ: മണിപ്പുരിലെ നോനി ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു. നോനി ഖൗപുമിലെ താവോലിംങ്‌പുംഗ് ഗ്രാമത്തിൽ ശനിയാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്.വീടിന് പുറത്തെ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. അവിടെ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സ്ഫോടനത്തിൽ നാല് വയസ്സുകാരനായ ബാലൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കുട്ടിയുടെ അച്ഛനും സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. മണിപ്പുരിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾക്കിടയിൽ ഇത്തരമൊരു സംഭവം ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കൃത്യമായ കാരണവും ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ സ്വഭാവവും കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

