കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിയുടെ ഔദ്യോഗിക വസതിയായ ‘ദി ലോഡ്ജി’ന് (The Lodge) നേരെ ഉണ്ടായ ബോംബ് ഭീഷണിയെത്തുടർന്ന് അദ്ദേഹത്തെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കാൻബറയിലുള്ള വസതിയിൽ സുരക്ഷാ ഭീഷണി ഉണ്ടായത്. ചൈനീസ് നൃത്ത സംഘമായ ‘ഷെൻ യുൻ’ (Shen Yun) ഓസ്ട്രേലിയയിൽ നടത്തുന്ന പരിപാടികൾ റദ്ദാക്കിയില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതി ബോംബ് വെച്ച് തകർക്കുമെന്ന ഇമെയിൽ സന്ദേശമാണ് ഭീഷണിക്ക് ആധാരമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവത്തെത്തുടർന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (AFP) വസതിയിൽ എത്തുമ്പോൾ പ്രധാനമന്ത്രി അവിടെ ഉണ്ടായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അദ്ദേഹത്തെ ഉടൻ തന്നെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് മൂന്ന് മണിക്കൂറോളം പോലീസ് വസതിയിലും പരിസരത്തും വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് എ.എഫ്.പി പ്രസ്താവനയിൽ അറിയിച്ചു.
ചൈനയിൽ നിരോധിക്കപ്പെട്ട ‘ഫാലുൻ ഗോങ്’ എന്ന ആത്മീയ പ്രസ്ഥാനവുമായി ബന്ധമുള്ള നൃത്ത സംഘമാണ് ഷെൻ യുൻ. ഇവരുടെ പരിപാടികൾ തടയാൻ മുൻപും സമാനമായ ഭീഷണികൾ ഉയർന്നിട്ടുണ്ട്. സംഭവത്തിന് ശേഷം രാത്രി ഒമ്പത് മണിയോടെ പ്രധാനമന്ത്രി തന്റെ വസതിയിലേക്ക് മടങ്ങിയെത്തി. ബുധനാഴ്ച രാവിലെ തന്റെ വളർത്തുനായ ടോട്ടോയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് താൻ സുരക്ഷിതനാണെന്നും പോലീസിന്റെ സേവനത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഭീഷണികൾ ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും രാഷ്ട്രീയ ചർച്ചകളിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ധനമന്ത്രി കാറ്റി ഗല്ലാഘർ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലറും പ്രധാനമന്ത്രിയുടെ സുരക്ഷയിൽ ആശ്വാസം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

