സിഡ്നി: 15 പേരുടെ മരണത്തിനിടയാക്കിയ ബോണ്ടായി ബീച്ച് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി നവീദ് അക്രമിനെ (24) ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റുന്നു. സിഡ്നിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. അടുത്ത ഏപ്രില്‍ മാസം കോടതിയില്‍ ഹാജരാക്കുന്നതുവരെ ഇയാള്‍ ജയിലില്‍ തുടരും.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിഡ്നിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1000 അധിക പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലും ഭീകരവിരുദ്ധ സേന വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും അക്രമം നടത്തുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.40-ഓടെ ബോണ്ടി ബീച്ചില്‍ നടന്ന ‘ഹനുക്ക’ ആഘോഷങ്ങള്‍ക്കിടെയാണ് നവീദ് അക്രമും പിതാവ് സാജിദ് അക്രമും (50) ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൂതവിരുദ്ധ ആക്രമണമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ആക്രമണത്തില്‍ 10 മുതല്‍ 87 വയസ്സ് വരെ പ്രായമുള്ള 15 പേര് കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിതാവ് സാജിദ് അക്രം കൊല്ലപ്പെട്ടു. ഇയാളുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ നവീദ് അക്രം കോമയിലായിരുന്നു. ചൊവ്വാഴ്ച ബോധം തെളിഞ്ഞ ഇയാള്‍ക്കെതിരെ ബുധനാഴ്ച കുറ്റം ചുമത്തി.
15 കൊലപാതകങ്ങള്‍, 40 വധശ്രമങ്ങള്‍, ഭീകരപ്രവര്‍ത്തനം, പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തല്‍, നിരോധിത ഭീകര ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍, സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കല്‍ തുടങ്ങി 59 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

