ബോണ്ടായ് ബീച്ച് ഭീകരാക്രമണ കേസിലെ മുഖ്യപ്രതിക്കെതിരെ 59 കുറ്റങ്ങള്‍; ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു

സിഡ്‌നി ബോണ്ടായി ആക്രമണത്തില്‍ 15 പേരെ കൊലപ്പെടുത്തിയതിനും 40ലധികം പേരെ പരിക്കേല്‍പ്പിച്ചതിനും മുഖ്യപ്രതി നവീദ് അക്രത്തിന് എതിരെ പോലീസ് കേസെടുത്തു. അതീവ ഗൗരവകരമായ കുറ്റങ്ങളാണ് ഓസ്ട്രേലിയന്‍ പോലീസ് ചുമത്തിയിരിക്കുന്നത്.ഭീകരവാദം,ഗൂഢാലോചന,കൂട്ടക്കൊല, തുടങ്ങി 59 കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

ആക്രമണത്തിന് ശേഷം പോലീസിന്റെ വെടിയേറ്റ് ആശുപത്രിയിലായിരുന്ന ഇയാള്‍ കോമയില്‍ നിന്ന് ഉണര്‍ന്നതോടെയാണ് ഔദ്യോഗികമായി കുറ്റങ്ങള്‍ ചുമത്തിയത്.
ഓസ്ട്രേലിയന്‍ നിയമപ്രകാരം ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കാവുന്ന ഭീകരവാദ വിരുദ്ധ നിയമങ്ങള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മതപരമായ വിദ്വേഷം പടര്‍ത്തുന്നതിനും കൂട്ടക്കൊല നടത്തുന്നതിനും ആസൂത്രിതമായി പദ്ധതിയിട്ടു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.ആക്രമണത്തിന് മുന്‍പ് ഇയാള്‍ ഐ എസ് ഐ പ്രചാരണ വീഡിയോകള്‍ നിരന്തരം കണ്ടിരുന്നതായും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തി.ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഇയാള്‍ക്ക് വലിയ താല്പര്യമുണ്ടായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജൂത സമുദായം സംഘടിപ്പിച്ച ഹനുക്ക ആഘോഷങ്ങളെ ബോധപൂര്‍വ്വം ലക്ഷ്യം വെച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്.തോക്കുകളും സ്‌ഫോടക വസ്തുക്കളും ഇയാള്‍ എവിടെ നിന്ന് സംഘടിപ്പിച്ചു എന്നതിനെക്കുറിച്ച് പോലീസ് ഇപ്പോഴും അന്വേഷണം നടത്തിവരികയാണ്.ശിക്ഷിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *