ബോണ്ടി ജംഗ്ഷൻ കൂട്ടക്കൊല: മാനസികാരോഗ്യ ചികിത്സയിൽ ഗുരുതര വീഴ്ചയെന്ന് കൊറോണർ റിപ്പോർട്ട്

സിഡ്‌നി: 2024 ഏപ്രിലിൽ സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷൻ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് മാളിലുണ്ടായ ദാരുണമായ കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രതിയുടെ മാനസികാരോഗ്യ ചികിത്സയിലുണ്ടായ ഗുരുതരമായ വീഴ്ചകളാണെന്ന് കൊറോണർ റിപ്പോർട്ട്. ന്യൂ സൗത്ത് വെയ്‌ൽസ് സ്റ്റേറ്റ് കൊറോണർ തെരേസ ഒ-സള്ളിവൻ വ്യാഴാഴ്ചയാണ് 200-ലധികം പേജുകളുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. ആറ് നിരപരാധികളുടെ ജീവനെടുത്ത ആക്രമണം തടയാൻ കഴിയുമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന നിർണ്ണായക കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

ആക്രമണകാരിയായ ജോയൽ കൗച്ചിയെ ചികിത്സിച്ചിരുന്ന സൈക്യാട്രിസ്റ്റ് ഡോ. ആൻഡ്രിയ ബോറോസ്-ലവാക്കിന് വലിയ വീഴ്ച പറ്റിയതായി കൊറോണർ ചൂണ്ടിക്കാട്ടി. കൗച്ചിയുടെ സ്കീസോഫ്രീനിയ ചികിത്സയുടെ ഭാഗമായി മരുന്നുകൾ നിർത്തലാക്കിയ ശേഷം അദ്ദേഹത്തെ കൃത്യമായി നിരീക്ഷിക്കുന്നതിൽ ഡോക്ടർ പരാജയപ്പെട്ടു. കൗച്ചിക്ക് വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെന്നും സാത്താൻ സേവയെക്കുറിച്ചുള്ള കുറിപ്പുകൾ എഴുതുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മാതാവ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഡോക്ടർ അത് ഗൗരവമായി എടുത്തില്ല. രോഗിയുടെ അവസ്ഥയെക്കുറിച്ച് ചികിത്സാ വിവരങ്ങൾ കൈമാറുന്നതിൽ വന്ന പോരായ്മകളും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

സംഭവദിവസം ആക്രമണകാരിയെ വെടിവെച്ചു വീഴ്ത്തിയ ഇൻസ്‌പെക്ടർ ആമി സ്കോട്ടിന്റെ ധീരതയെ റിപ്പോർട്ട് പ്രത്യേകം പ്രശംസിച്ചു. ആമിയുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതായി കൊറോണർ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാനസികാരോഗ്യ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്നും, രോഗികൾ ചികിത്സയിൽ നിന്ന് വിട്ടുപോകുമ്പോൾ അത് കണ്ടെത്താൻ പ്രത്യേക സംവിധാനം വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കൂടാതെ, ആയുധങ്ങൾ കണ്ടെത്താൻ പോലീസിന് കൂടുതൽ അധികാരങ്ങൾ നൽകണമെന്നതടക്കം 22 നിർദ്ദേശങ്ങളാണ് സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *