32-കാരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ, ബോണി ബ്രൂക്ക് സ്വദേശിക്കെതിരെ കൊലക്കുറ്റം ചുമത്തി

മെൽബൺ: ബോക്‌സ് ഹില്ലിലെ ഹൈറൈസ് അപ്പാർട്ട്‌മെന്റിൽ 32-കാരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ 47-കാരനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. കിഴക്കൻ മെൽബണിലെ വൈറ്റ്‌ഹോഴ്‌സ് റോഡിലുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ 1.50-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കെട്ടിടത്തിനുള്ളിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവസമയത്ത് വലിയ ശബ്ദം കേട്ടതായും പിന്നാലെ ഫയർ അലാറം മുഴങ്ങിയതായും അപ്പാർട്ട്‌മെന്റിലെ താമസക്കാർ വെളിപ്പെടുത്തി. വെടിയേറ്റ 32-കാരൻ ലിഫ്റ്റിനുള്ളിലെ ഫയർ അലാറം പ്രവർത്തിപ്പിച്ചതായാണ് കരുതപ്പെടുന്നത്. ഇതേത്തുടർന്ന് ലിഫ്റ്റും കെട്ടിടത്തിന്റെ പതിനൊന്നാം നിലയും പോലീസ് ക്രൈം സീനായി പ്രഖ്യാപിച്ചു. വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഇയാളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇതൊരു ലക്ഷ്യം വെച്ചുള്ള ആക്രമണമായാണ് (Targeted attack) വിക്ടോറിയ പോലീസ് കാണുന്നത്.

വെടിവെപ്പിന് പിന്നാലെ വെള്ള നിറത്തിലുള്ള എസ്‌യുവിയിൽ ഒരാളും സ്ത്രീയും രക്ഷപ്പെടുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മെൽബണിന്റെ പടിഞ്ഞാറൻ മേഖലയായ ബോണി ബ്രൂക്കിൽ നിന്നും ബല്ലാറാട്ടിന് സമീപമുള്ള ടാൽബോട്ട്, മേരിബറോ എന്നിവിടങ്ങളിൽ നിന്നുമായി മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ബോണി ബ്രൂക്ക് സ്വദേശിയായ 47-കാരനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കൂടെയുണ്ടായിരുന്ന മറ്റൊരാളെയും യുവതിയെയും കൂടുതൽ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

അർദ്ധരാത്രിയിൽ കുടുംബാംഗങ്ങളുടെ നിലവിളി കേട്ടത് ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് കെട്ടിടത്തിലെ താമസക്കാർ പറഞ്ഞു. വെടിവെപ്പിനെത്തുടർന്ന് ഒഴിപ്പിച്ച താമസക്കാരെ പുലർച്ചെ 5.30-ഓടെയാണ് തിരികെ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി (1800 333 000) ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *