കൊച്ചി: ജർമനിയിൽ നഴ്സിംഗ് രംഗത്തു പ്രവേശനം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി അന്താരാഷ്ട്ര കരിയർ മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോർഡർ പ്ലസ് എഐ പവേർഡ് നഴ്സ് കമ്പാനിയൻ ആരംഭിച്ചു.
കൊച്ചിയിൽ നടന്ന ജർമൻ നഴ്സിംഗ് കരിയർ ഫെയറിലായിരുന്നു പദ്ധതിയുടെ അവതരണം. കേരളത്തിലെ നഴ്സിംഗ് വിദ്യാർഥികൾക്ക് ജർമനിയിൽ ഉൾപ്പെടെയുള്ള ആഗോള നഴ്സിംഗ് കരിയറുകളെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുകയാണ് ലക്ഷ്യം.
ഭാഷാപഠനത്തിന് മുൻതൂക്കം നൽകുന്ന പഠനോപകരണമെന്ന നിലയിൽ രൂപകല്പന ചെയ്ത എഐ അധിഷ്ഠിത നഴ്സ് കമ്പാനിയൻ, ഇമേഴ്സീവ് പരിശീലനത്തിലൂടെ നഴ്സിംഗ് വിദ്യാർഥികൾക്ക് ജർമൻഭാഷാ പ്രാവീണ്യം നേടാനുള്ള അവസരമൊരുക്കും. ജർമൻ ആരോഗ്യമേഖലയിലും ദൈനംദിന ജീവിതത്തിലും ഉപകരിക്കുന്ന 350 മണിക്കൂറിലധികം നീളുന്ന സിമുലേറ്റഡ്, യഥാർഥ ജീവിതാനുഭവങ്ങൾ ഇതിലൂടെ നഴ്സുമാർക്ക് ലഭിക്കും.
വിദേശത്തു ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്സുമാർ, ഭാഷാവിദഗ്ധർ, ജർമൻ ആരോഗ്യമേഖലയിലെ വിദഗ്ധർ തുടങ്ങിയവർ ജർമൻ നഴ്സിംഗ് കരിയർ ഫെയറിൽ പങ്കെടുത്തു. ജോസഫ് അന്നംകുട്ടി ജോസ് മുഖ്യപ്രഭാഷണം നടത്തി. ആഷിഷ് ലാബ്രോ, പ്രണീതി, റാഡ്നീ തുടങ്ങിയവർ പ്രസംഗിച്ചു.

