ന്യൂഡൽഹി: അന്താരാഷ്ട്ര സഹകരണത്തിനും കൂടിയാലോചനകൾക്കുമുള്ള സുപ്രധാന വേദിയായി ബ്രിക്സ് മാറിയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ബ്രിക്സ് 2026 ഷെർപ്പമാരുടെയും വിവിധ രാജ്യ പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിക്സ് കൂട്ടായ്മ രൂപീകൃതമായി 20 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ, ലോകത്തെ വികസ്വര രാജ്യങ്ങളുടെ ശബ്ദമായി ഈ വേദി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിലുള്ള ഏകോപനത്തിനും സഹകരണത്തിനും ബ്രിക്സ് നൽകുന്ന മൂല്യം വളരെ വലുതാണ്. വരും വർഷങ്ങളിൽ ജനകേന്ദ്രീകൃതമായ അജണ്ടകൾക്ക് മുൻഗണന നൽകിക്കൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള സാമ്പത്തിക ക്രമത്തിൽ ബ്രിക്സ് രാജ്യങ്ങൾ പുലർത്തുന്ന സ്വാധീനത്തെക്കുറിച്ചും പുതിയ അംഗരാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഘടനയുടെ വിപുലീകരണത്തെക്കുറിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു. സുസ്ഥിര വികസനം, ഡിജിറ്റൽ സാങ്കേതികവിദ്യയിലെ സഹകരണം എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും 2026-ൽ പ്രാധാന്യം നൽകുക

