ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ചോഗോസ് ദ്വീപുകൾ മൗറീഷ്യസിന് വിട്ടുനൽകാനുള്ള തീരുമാനം ബ്രിട്ടൻ പുനഃപരിശോധിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത എതിർപ്പിനെത്തുടർന്നാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ദ്വീപുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കില്ലെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.യുഎസും ബ്രിട്ടനും സംയുക്തമായി ഉപയോഗിക്കുന്ന നിർണായകമായ വ്യോമതാവളം ഈ ദ്വീപുകളിലൊന്നായ ഡീഗോ ഗാർഷ്യയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ദ്വീപുകൾ കൈമാറുന്നതിലൂടെ ഈ സൈനിക താവളം ബ്രിട്ടന്റെ നിയന്ത്രണത്തിൽ നിന്ന് നഷ്ടപ്പെടുമെന്നത് അമേരിക്കൻ ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ചോഗോസ് ദ്വീപുകൾ വിട്ടുനൽകാനുള്ള തീരുമാനം ബ്രിട്ടൻ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് ഫെബ്രുവരിയിൽ ട്രംപ് വിമർശിച്ചിരുന്നു.ഇറാനുമായുള്ള സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ അമേരിക്കൻ സൈന്യത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകാതിരുന്നതും ട്രംപിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്ന് വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ഈ കൈമാറ്റ ഉടമ്പടിയിൽ നിന്ന് ട്രംപിന്റെ സമ്മർദ്ദത്തെത്തുടർന്ന് ബ്രിട്ടൻ പിന്നോട്ട് പോകുന്നത് ആഗോള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ചോഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറാനുള്ള തീരുമാനം ബ്രിട്ടൻ മരവിപ്പിച്ചു; പിന്നിൽ ട്രംപിന്റെ അനിഷ്ടമെന്ന് സൂചന

