ചാഗോസ് ദ്വീപുകളുടെ കൈമാറ്റം ബ്രിട്ടൻ മരവിപ്പിച്ചു; അമേരിക്കയുടെ എതിർപ്പിനെത്തുടർന്ന് നിർണ്ണായക തീരുമാനം

ലണ്ടൻ: ചാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള നിർണ്ണായകമായ കരാർ നടപ്പിലാക്കുന്നത് ബ്രിട്ടീഷ് സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത എതിർപ്പിനെത്തുടർന്നാണ് ബ്രിട്ടന്റെ ഈ പിന്മാറ്റം. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ സൈനിക താവളമായ ഡീഗോ ഗാർഷ്യ ഉൾപ്പെടുന്ന മേഖലയാണിത്.

ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് നൽകാനുള്ള തീരുമാനം വലിയ തെറ്റാണെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. ഈ കരാർ പശ്ചാത്യ രാജ്യങ്ങളുടെ സുരക്ഷാ താത്പര്യങ്ങളെ ബാധിക്കുമെന്ന അമേരിക്കയുടെ ആശങ്കയാണ് കരാർ മരവിപ്പിക്കാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത്.കരാർ നടപ്പിലാക്കുന്നതിനായി പാർലമെന്റിൽ അവതരിപ്പിക്കാനിരുന്ന ബില്ല് നിലവിൽ ബ്രിട്ടീഷ് സർക്കാർ അജണ്ടയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അമേരിക്കയുടെ പൂർണ്ണമായ പിന്തുണയില്ലാതെ കരാറുമായി മുന്നോട്ട് പോകില്ലെന്ന് ബ്രിട്ടീഷ് സർക്കാർ വക്താവ് വ്യക്തമാക്കി.

ബ്രിട്ടനും അമേരിക്കയും സംയുക്തമായി ഉപയോഗിക്കുന്ന വലിയ സൈനിക താവളമാണ് ഡീഗോ ഗാർഷ്യയിൽ സ്ഥിതി ചെയ്യുന്നത്. കരാർ പ്രകാരം ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെങ്കിലും ഡീഗോ ഗാർഷ്യയുടെ നിയന്ത്രണം 99 വർഷത്തേക്ക് ബ്രിട്ടൻ തന്നെ നിലനിർത്തുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പുതിയ സാഹചര്യത്തിൽ ഇതിന്റെ സുരക്ഷ സംബന്ധിച്ച് അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.പതിറ്റാണ്ടുകളായുള്ള നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച ഈ കരാർ മരവിപ്പിച്ചത് മൗറീഷ്യസിന് വലിയ തിരിച്ചടിയാണ്. ചാഗോസ് ദ്വീപുകൾ ബ്രിട്ടൻ അനധികൃതമായാണ് കൈവശം വെച്ചിരിക്കുന്നതെന്ന് രാജ്യാന്തര കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇസ്രായേൽ-ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ സ്വീകരിക്കുന്ന നിലപാടുകളും അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയാണ് ചാഗോസ് വിഷയത്തിലെ അമേരിക്കൻ നിലപാടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.ചാഗോസ് ദ്വീപുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസവും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അമേരിക്കയുമായും മൗറീഷ്യസുമായും ചർച്ചകൾ തുടരുമെന്ന് ബ്രിട്ടൻ അറിയിച്ചിട്ടുണ്ടെങ്കിലും, ട്രംപ് ഭരണകൂടം നിലപാടിൽ മാറ്റം വരുത്താതെ കരാർ മുന്നോട്ട് കൊണ്ടുപോകുന്നത് ബ്രിട്ടന് വെല്ലുവിളിയാകും.

Leave a Reply

Your email address will not be published. Required fields are marked *