ലണ്ടന്‍: അമ്പതിലധികം വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുടിയേറ്റ പരിഷ്‌കാരം നടപ്പിലാക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍. നിയമപരമായി ബ്രിട്ടനിലേക്ക് കുടിയേറുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കണമെങ്കില്‍ ഇനി ഇരുപതു വര്‍ഷം കാത്തിരിക്കേണ്ടതായി വരും. സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് അതുവരെയുള്ള താമസകാലത്തിനിടയിലെ സാമൂഹ്യപെരുമാറ്റങ്ങളും നിയമപാലവനവുമെല്ലാം പരിഗണനകളായി വരികയും ചെയ്യും. വളരെ മികച്ച നിയമപാലനവും സാമൂഹ്യ സംഭാവനകളുമുള്ളവര്‍ക്ക് ഇരുപതു വര്‍ഷം കാത്തിരിക്കാതെയും സ്ഥിര താമസത്തിന് അനുമതി നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഈ വര്‍ഷം ആദ്യം സ്ഥിരതാമസത്തിനുള്ള കാത്തിരിപ്പു കാലം പത്തുവര്‍ഷമായി ഉയര്‍ത്തുമെന്ന് കെയര്‍ സ്റ്റാമര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നതാണ്. നിലവില്‍ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പു വേണ്ട സ്ഥാനത്തായിരുന്നു ഇത്. എന്നാല്‍ പുതിയ കുടിയേറ്റനയം നടപ്പാക്കാനൊരുങ്ങുമ്പോള്‍ അഞ്ചു വര്‍ഷം എന്നത് നാലിരട്ടിയായി വര്‍ധിക്കുകയാണ്. 2021 മുതല്‍ യുകെയില്‍ എത്തിയിരിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഈ പുതിയ നയം ബാധകമായിത്തീരും.
2022നും 2024നും മധ്യേ ആരോഗ്യ, സാമൂഹ്യ ഉന്നമന വീസകളില്‍ എത്തിയവരും കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്നവര്‍ക്കും ഇരുപതു വര്‍ഷം എന്നതില്‍ ഇളവ് അനുവദിക്കുന്നതിനും പുതിയ നയത്തില്‍ വ്യവസ്ഥയുണ്ട്. അതുപോലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സ്ഥിരതാമസത്തിനുള്ള കാത്തിരിപ്പു കാലം അഞ്ചു വര്‍ഷം തന്നെയായി തുടരുകയും ചെയ്യും.

