ലണ്ടൻ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മരണത്തിൽ റഷ്യൻ ഭരണകൂടത്തിനെതിരെ അതീവ ഗുരുതരമായ ആരോപണവുമായി ബ്രിട്ടനും മറ്റ് യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തി. നവൽനിയെ വധിക്കാൻ റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ‘തവള വിഷം’ (Frog Poison/Batrachotoxin) ആണ് ഉപയോഗിച്ചതെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
നവൽനിയുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് ശരീരത്തിൽ അപൂർവ്വമായ വിഷാംശം കണ്ടെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഹൃദയസ്തംഭനമുണ്ടാക്കി സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കാൻ ഈ വിഷത്തിന് കഴിയുമെന്ന് വിദഗ്ധർ പറയുന്നു. നവൽനിയെ റഷ്യ മനഃപൂർവ്വം വധിച്ചതാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. റഷ്യൻ ജയിലിലെ കൊടും ക്രൂരതയുടെ തെളിവാണിതെന്നും അവർ വ്യക്തമാക്കി.
2024 ഫെബ്രുവരിയിൽ ആർട്ടിക് ജയിലിൽ വെച്ചാണ് അലക്സി നവൽനി മരണപ്പെട്ടത്. അന്ന് മുതൽ തന്നെ അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു.

