സിഡ്നി: മദ്യപിച്ച് ലൈം (Lime) ഇ-ബൈക്ക് ഓടിച്ച ബ്രിട്ടീഷ് സ്വദേശിക്ക് സിഡ്നിയിൽ കനത്ത പിഴ. കാൽനടയാത്രക്കാർക്കുള്ള പാതയിലൂടെ മദ്യലഹരിയിൽ ബൈക്ക് ഓടിച്ചതിനാണ് ഇയാൾ പിടിയിലായത്. കാർ ഓടിക്കുമ്പോൾ ബാധകമായ അതേ മദ്യപാന വിരുദ്ധ നിയമങ്ങൾ ഇ-ബൈക്കുകൾക്കും ബാധകമാണെന്നറിഞ്ഞ ഞെട്ടലിലാണ് പ്രവാസി പൗരൻ. നിയമസഹായം തേടി ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ന്യൂ സൗത്ത് വെയിൽസിലെ (NSW) നിയമമനുസരിച്ച്, ആദ്യമായി മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ പരമാവധി 3,300 ഡോളർ പിഴയും 18 മാസം വരെ തടവുശിക്ഷയും ലഭിക്കാം. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ ഇ-ബൈക്ക് അല്ലെങ്കിൽ സൈക്കിൾ ഓടിക്കുന്നത് കുറ്റകരമാണെന്ന് ട്രാൻസ്പോർട്ട് ഫോർ എൻ.എസ്.ഡബ്ല്യു വക്താവ് സ്ഥിരീകരിച്ചു. ഇത് മറ്റ് റോഡ് ഉപയോക്താക്കളെയും കാൽനടയാത്രക്കാരെയും അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ:
ഓസ്ട്രേലിയയിലെ മിക്ക സംസ്ഥാനങ്ങളിലും ഇ-ബൈക്ക് ഓടിക്കുന്നവർ മദ്യപാന നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഓരോ ഇടത്തെയും ശിക്ഷാ നടപടികൾ താഴെ പറയുന്നവയാണ്:
ന്യൂ സൗത്ത് വെയിൽസ് (NSW): 3,300 ഡോളർ വരെ പിഴയും 18 മാസം തടവും.
വിക്ടോറിയ: നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത ഇ-ബൈക്കുകൾ മോട്ടോർ സൈക്കിളുകളായി കണക്കാക്കും. കുറഞ്ഞത് 508 ഡോളർ പിഴയും മൂന്ന് മാസത്തെ ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ.
ക്വീൻസ്ലൻഡ്: മദ്യപിച്ച് ഇ-ബൈക്ക് ഓടിച്ചാൽ 500 ഡോളർ പിഴ.
വെസ്റ്റേൺ ഓസ്ട്രേലിയ: കാർ ഡ്രൈവർമാർക്ക് ബാധകമായ അതേ നിയമം. 1000 ഡോളർ മുതൽ പിഴ ആരംഭിക്കുന്നു.
സൗത്ത് ഓസ്ട്രേലിയ: 500 ഡോളർ പിഴയും മൂന്ന് മാസത്തെ ലൈസൻസ് റദ്ദാക്കലും കൂടാതെ ഡിമെറിറ്റ് പോയിന്റുകളും ലഭിക്കും.
ടാസ്മാനിയ: 410 ഡോളർ പിഴയും ലൈസൻസ് റദ്ദാക്കലും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ജയിൽ ശിക്ഷയും ലഭിക്കാം.
നോർത്തേൺ ടെറിട്ടറി: ഇവിടെ മദ്യപിച്ച് ബൈക്ക് ഓടിക്കുന്നത് സാങ്കേതികമായി നിയമവിരുദ്ധമല്ലെങ്കിലും, അപകടകരമായ രീതിയിൽ ഓടിച്ചാൽ 25 ഡോളർ പിഴ ഈടാക്കും.
മദ്യപിച്ച നിലയിൽ ബൈക്കുകൾ വാടകയ്ക്ക് നൽകുന്നതിനെതിരെ ലൈം (Lime) കമ്പനിയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാത്തവർ രക്തത്തിൽ ആൽക്കഹോളിന്റെ അളവ് പൂജ്യം ആയിരിക്കുമ്പോൾ മാത്രമേ ബൈക്ക് ഉപയോഗിക്കാവൂ എന്നാണ് കമ്പനിയുടെ ചട്ടം. ഇ-ബൈക്ക് ഓടിക്കുമ്പോൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് വരെ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

