ചാലക്കുടി: കേരളത്തിലെ പ്രകൃതി സ്‌നേഹികളായ വിനോദ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനായ വാഴച്ചാല്‍ വനമേഖലയിലാകെ മലമുഴക്കി വേഴാമ്പലുകളുടെ നീട്ടിയുള്ള വിളി നിറയുന്ന കാലം വീണ്ടുമെത്തി. ഡിസംബര്‍ ജനുവരി മാസങ്ങളിലായി എല്ലാ വര്‍ഷവും വാഴച്ചാല്‍ വനമേഖല വേഴാമ്പലുകളുടെ വിഹാരരംഗമായി മാറുന്നതാണ് രീതി. ഇവയുടെ ഇണചേരല്‍ കാലമാണ് ഈ മാസങ്ങള്‍. ഉയരമേറിയ മരച്ചില്ലകളില്‍ കൂടുകൂട്ടി അവയില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇവ മുട്ടയിടും. അതിനു ശേഷം മെയ് മാസത്തോടെ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരാന്‍ തുടങ്ങും. ഇതാണ് സാധാരണ രീതി. ഇക്കൊല്ലം രണ്ടാഴ്ചയോളം മുമ്പേ വേഴാമ്പലുകള്‍ എത്തിയിരിക്കുന്നതിന്റെ അടയാളമാണ് അവയുടെ നീട്ടിയുള്ള വിളി.
ഓരോ പെണ്‍വേഴാമ്പലും രണ്ടു മുട്ടകള്‍ വീതമായിരിക്കും ഓരോ ചൂരിലും ഇടുക. ഇവ രണ്ടും വിരിയുന്നതാണ് പൊതുവേയുള്ള രീതി. നിബിഡ വനമേഖലയായ വാഴച്ചാലില്‍ ഇവയ്ക്കു സുരക്ഷിതത്വം വളരെ കൂടുതലായതിനാലാണ് എല്ലാ വര്‍ഷവും മുടങ്ങാതെ ഇവിടെത്തന്നെ വേഴാമ്പലുകള്‍ എത്തുന്നത്. വനം വകുപ്പ് നടത്തിയ പഠനമനുസരിച്ച് നൂറ്റിയിരപതോളം പെണ്‍വേഴാമ്പലുകളാണ് വാഴച്ചാല്‍ മേഖലയില്‍ എത്തുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മലമുഴക്കി വേഴാമ്പലുകള്‍ എത്തുന്നത് വാഴച്ചാലിലാണ്. നെല്ലിയാമ്പതി വനമേഖലയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തു വരുന്നത്. മലമുഴക്കി വേഴാമ്പലുകള്‍ക്കു പുറമെ വംശനാശം നേരിടുന്ന പാണ്ടന്‍ വേഴാമ്പലുകളും ഈ മേഖലയിലെത്താറുണ്ട്. കേരളത്തിന്റെ സംസ്ഥാന പക്ഷിയായി തിരഞ്ഞെടുത്തിരിക്കുന്നതും മലമുഴക്കി വേഴാമ്പലുകളെയാണ്. ഇവയെ കാണുന്നതിനായി ഈ മാസങ്ങളില്‍ ആതിരപ്പള്ളി-വാഴച്ചാല്‍ വനമേഖലയിലേക്ക് ധാരാളമായി സഞ്ചാരികളെത്തുന്നു.

