പരവൂർ: ബിഎസ്എൻഎൽ 5ജി ടവറിന്റെ പേരിൽ രാജ്യത്ത് തട്ടിപ്പ് വ്യാപകം. ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ബിഎസ്എൻഎൽ 5ജി ടവർ സ്ഥാപിക്കുന്നതിന് താങ്കളുടെ പേരിലുള്ള ഭൂമി തെരഞ്ഞെടുത്തു എന്ന കത്തിലൂടെയുള്ള അറിയിപ്പാണ് തട്ടിപ്പിന്റെ തുടക്കം. ഇതിന് ഒരു എൻഒസി സമർപ്പിക്കണം എന്നതായിരിക്കും മറ്റൊരു നിർദേശം.
ഭാരത് ദൂർ സഞ്ചാർ മന്ത്രാലയം നടത്തിയ ഓൺലൈൻ സാറ്റ്ലൈറ്റ് സർവേ വഴിയാണ് ടവർ സ്ഥാപിക്കാൻ സ്ഥലം തെരഞ്ഞെടുത്തത് എന്ന വിവരവും ഇതിൽ ഉണ്ടാകും. കരാർ നടപടികൾ ഉറപ്പിക്കുന്നതിനായി എഗ്രിമെന്റ് ചാർജ് ഇനത്തിൽ 2,500 രൂപ ഉടൻ അടയ്ക്കണമെന്നും വാർത്താവിനിമയ മന്ത്രാലയത്തിന്റെ പേരിൽ വരുന്ന എൻഒസി സംബന്ധിച്ച അറിയിപ്പിൽ ഉണ്ടാകും.
ഇത്തരത്തിൽ ടവർ സ്ഥാപിക്കുന്ന രീതി ബിഎസ്എൻഎല്ലിനില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബിഎസ്എൻഎൽ രാജ്യത്തുടനീളം 5ജി സേവനങ്ങൾ അതിവേഗം എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനായി നിലവിലെ 4ജി ടവറുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്ന് അധികൃതർ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന്റെ മറവിലാണ് എതിർപ്പില്ലാ രേഖകൾ ആവശ്യപ്പെട്ടുള്ള വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ, ഇതു സൂക്ഷ്മമായി പരിശോധിച്ചാൽതന്നെ സംഗതി തട്ടിപ്പാണെന്ന് മനസിലാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അറിയിപ്പിൽ നിരവധി അക്ഷരത്തെറ്റുകളും അപാകതകളും കണ്ടെത്താനാകും.
അറിയിപ്പിൽ ഭാരത് ദൂർ സഞ്ചാർ മന്ത്രാലയ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ ഹിന്ദിയിലുള്ള പേരാണ് സന്ദേശത്തിൽ ഇംഗ്ലീഷിൽ എഴുതി ചേർത്തിയിട്ടുള്ളത് – ഔദ്യോഗിക രേഖകളിലൊന്നും ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങളൊന്നും ഉണ്ടാകില്ലന്നും അധികൃതർ പറഞ്ഞു. സാധാരണ സർക്കാർ കത്തുകളിൽ വ്യക്തികളുടെ മൊബൈൽ നമ്പരുകൾ നൽകാറില്ലന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം വ്യാജ അറിയിപ്പുകൾക്ക് ഒപ്പം നൽകിയിരിക്കുന്ന നമ്പരിലേക്ക് വിളിക്കുകയോ പണം അയക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

