കൊല്ലം: 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള സുപ്രധാന ചവിട്ടുപടിയാണ് 2026-27ലെ കേന്ദ്ര ബജറ്റെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബജറ്റിനെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതകളെയും യുവജനങ്ങളെയും സ്വയംപര്യാപ്തരാക്കി മികച്ച സംരംഭകരായി മാറ്റുന്നതിനാണ് ഈ ബജറ്റ് മുൻഗണന നൽകുന്നത്. ഭാവിയിലേക്കുള്ള വ്യക്തമായ ദിശാബോധമുള്ള ബജറ്റാണിതെന്നും, രാജ്യം വരാനിരിക്കുന്ന ദശകങ്ങളിൽ കൈവരിക്കേണ്ട വളർച്ചയുടെ രൂപരേഖയാണ് ധനമന്ത്രി സഭയിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതികൾ അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ വിമർശിച്ച അദ്ദേഹം, കൊല്ലത്തെ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വലിയ വികസന സാധ്യതകൾ കേരളത്തിന് നഷ്ടപ്പെടുന്നത് സർക്കാരിന്റെ നിസ്സഹകരണം മൂലമാണെന്നും ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ വികസന വിരുദ്ധമായ ഇത്തരം നിലപാടുകൾക്ക് വോട്ടിലൂടെ മറുപടി നൽകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു

