ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ സാമ്പത്തിക രംഗത്ത് ചരിത്രപരമായ ചുവടുവെപ്പുമായി ബൾഗേറിയ. 2026 ജനുവരി ഒന്നിന് ഔദ്യോഗികമായി യൂറോ കറൻസി സ്വീകരിച്ച ബൾഗേറിയ, ഇന്ന് (ഫെബ്രുവരി 6) ഫ്രാങ്ക്ഫർട്ടിൽ നടന്ന യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ECB) നിർണ്ണായകമായ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ഒരു പൂർണ്ണ അംഗമായി പങ്കെടുത്തു. ബൾഗേറിയൻ നാഷണൽ ബാങ്ക് ഗവർണർ ഡിമിതർ റദേവ് ആദ്യമായാണ് യൂറോപ്പിലെ പലിശ നിരക്കുകൾ നിശ്ചയിക്കുന്ന ഈ ഉന്നത സമിതിയിൽ വോട്ടവകാശമുള്ള അംഗമായി ഇരിപ്പിടം ഉറപ്പിച്ചത്.
യൂറോപ്പിന്റെ ഏകീകൃത കറൻസിയായ യൂറോ സ്വീകരിക്കുന്ന 21-ാമത്തെ രാജ്യമാണ് ബൾഗേറിയ. ഫെബ്രുവരി ഒന്നിന് പഴയ കറൻസിയായ ‘ലെവ്’ (Lev) പൂർണ്ണമായും വിപണിയിൽ നിന്ന് പിൻവലിച്ചതോടെ ബൾഗേറിയയിൽ ഇനി യൂറോ മാത്രമാണ് നിയമപരമായ ഇടപാടുകൾക്ക് ഉപയോഗിക്കുന്നത്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പഴയ കറൻസി മാറ്റി വാങ്ങാനുള്ള സൗകര്യം തുടരുമെങ്കിലും, ദൈനംദിന ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്കും യൂറോയിലേക്കും മാറി.
യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബൾഗേറിയയുടെ ഈ മാറ്റം സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്ന് ഇസിബി പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡ് യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇന്ന് നടന്ന യോഗത്തിൽ യൂറോ മേഖലയിലെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സമിതി തീരുമാനിച്ചു. പണപ്പെരുപ്പം 2 ശതമാനത്തിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികൾക്ക് ബൾഗേറിയയുടെ സാന്നിധ്യം കരുത്തുപകരുമെന്നും ലഗാർഡ് കൂട്ടിച്ചേർത്തു. അതേസമയം, സാധനസാമഗ്രികളുടെ വില വർദ്ധിക്കുമോ എന്ന ആശങ്ക ബൾഗേറിയൻ ജനതയ്ക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ഓഗസ്റ്റ് മാസം വരെ വിപണികളിൽ ലെവിലും യൂറോയിലും വില രേഖപ്പെടുത്താൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

