തെങ്കാശി: തമിഴ്‌നാട്ടില്‍ തെങ്കാശിക്കടുത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്കു പോയ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പട്ടിയിലേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ മുന്‍ഭാഗം അപ്പാടെ പൊളിഞ്ഞുപോകുകയായിരുന്നു. ആ ഭാഗത്തിരുന്ന യാത്രക്കാരാണ് മരിച്ചതെല്ലാം.
ചെങ്കോട്ടയിലേക്കു പോയ ബസിന്റെ അമിത വേഗതയാണ് അപകടത്തിനു കാരണമെന്നു പറയുന്നു. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു. തെങ്കാശിക്കടുത്ത് കാമരാജപുരത്താണ് സംഭവം നടക്കുന്നത്. അതിരാവിലെ നടന്ന അപകടമായതിനാല്‍ ബസിനുള്ളില്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാലാണ് മരണസംഖ്യ കുറഞ്ഞത്. അല്ലായിരുന്നെങ്കില്‍ ഇതിലേറെ മാരകമാകുമായിരുന്നെന്നു പറയുന്നു.

