കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില് കളമശേരി സ്വദേശിയായ യുവതിക്ക് പരിക്ക്. ഏലൂര്‍ ഡിപ്പോയില്‍ നിന്നും എറണാകുളം വരെ സര്‍വീസ് നടത്തുന്ന മേരിമാത ബസില്‍ സഞ്ചരിച്ച യുവതിക്കാണ് പരിക്കേറ്റത്. ആലുവയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെ സര്‍വീസ് നടത്തുന്ന അന്‍സാരി എന്ന ബസ് അമിതവേഗത്തില്‍ വന്ന് മേരിമാത ബസിനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മേരിമാത ബസിലെ മുന്‍സീറ്റിലിരുന്ന യുവതിക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. കലൂര്‍ സിഗ്നല്‍ ഭാഗത്തു വച്ച് അന്‍സാരി ബസ് മേരിമാത ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയും വലതുവശത്തെ മിറര്‍ തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് കലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയ ബസ് ഡ്രൈവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അതേസമയം, കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് സ്വകാര്യ ബസുകളില്‍ ഷാഡോ പോലീസിനെ നിയോഗിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു.
സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഷാഡോ പോലീസ് മാതൃകയില്‍ ഉദ്യോഗസ്ഥരെ സ്വകാര്യ ബസുകളില്‍ നിയോഗിക്കാന്‍ ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി പോലീസ് മേധാവി അറിയിച്ചിരുന്നു. ഇത് പരിഗണയിലാണെന്ന് എറണാകുളം ആര്‍ടിഒയും മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

