മെൽബൺ: വടക്കൻ വിക്ടോറിയയിൽ കാട്ടുതീ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. കെറിസ്‌ഡേൽ ടാലറൂക്ക് , ട്രാവൂൾ, എന്നിവിടങ്ങളിലുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും ഉടൻ വീടിനുള്ളിൽ തന്നെ സുരക്ഷിതമായ ഇടങ്ങളിൽ അഭയം പ്രാപിക്കണമെന്നും അധികൃതർ അറിയിച്ചു.
ഗൗൾബേൺ വാലി ഹൈവേയിൽ നിന്ന് തെക്കുപടിഞ്ഞാറൻ ദിശയിലേക്കാണ് തീ അതിവേഗം വ്യാപിക്കുന്നത്. “നിങ്ങൾ അപകടത്തിലാണ്, ജീവൻ രക്ഷിക്കാൻ ഉടനടി പ്രവർത്തിക്കുക. ഇപ്പോൾ പുറത്തുപോകുന്നത് സുരക്ഷിതമല്ല, വീടിനുള്ളിൽ തന്നെ കഴിയുന്നതാണ് ഉചിതം,” എന്ന് വിക് എമർജൻസി (VicEmergency) മുന്നറിയിപ്പ് നൽകി. എന്നാൽ കെറിസ്‌ഡേൽ, സ്ട്രാത്ത് ക്രീക്ക് എന്നിവിടങ്ങളിൽ തീ പടരുന്നതിന് മുൻപ് തന്നെ മാറാൻ കഴിയുന്നവർ ഉടൻ സ്ഥലം വിടണമെന്നും അധികൃതർ നിർദ്ദേശിച്ചു.
സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ, മധ്യ ജില്ലകളിൽ ഒറ്റപ്പെട്ട ഇടിമിന്നലിന് സാധ്യതയുള്ളത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം. അന്തരീക്ഷത്തിലെ കുറഞ്ഞ ഈർപ്പവും ഉണങ്ങിയ പുല്ലുകളും തീ വേഗത്തിൽ പടരാൻ കാരണമാകുന്നുണ്ടെന്ന് സിഎഫ്‌എ (CFA) ചീഫ് ഓഫീസർ ജേസൺ ഹെഫെർനാൻ പറഞ്ഞു. ഡയറി ക്രീക്ക്, ഹോംവുഡ് എന്നിവിടങ്ങളിലുള്ളവരും ജാഗ്രത പാലിക്കാനും എമർജൻസി മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

