ഗുവഹാത്തി: ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ഇരു സംസ്ഥാനങ്ങളിലും നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ആസാമിലെ 126 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.
ആസാമിൽ 722 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി നേതൃത്വം നൽകുന്ന ഭരണമുന്നണിയും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യവും തമ്മിൽ ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ, ഗൗരവ് ഗൊഗോയിയാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഹിമന്ത ബിശ്വ ശർമ്മ, ഗൗരവ് ഗൊഗോയി, എഐയുഡിഎഫ് അധ്യക്ഷൻ ബദ്റുദ്ദീൻ അജ്മൽ, പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ തുടങ്ങിയവരാണ് ഇത്തവണ ജനവിധി തേടുന്ന പ്രമുഖർ.
പുതുച്ചേരിയിൽ 30 സീറ്റുകളിലേക്ക് 294 സ്ഥാനാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. എൻഡിഎ സഖ്യത്തിൽ എഐഎൻആർസി 16 സീറ്റിലും ബിജെപി പത്തു സീറ്റിലും മത്സരിക്കുന്നു. പ്രതിപക്ഷ നിരയിൽ കോൺഗ്രസ് 16 സീറ്റിലും ഡിഎംകെ 13 സീറ്റിലും മത്സരിക്കുന്നുണ്ട്. നടൻ വിജയിന്റെ പാർട്ടിയായ ടിവികെ (തമിഴക വെട്രി കഴകം) 28 സീറ്റുകളിൽ മത്സരിക്കുന്നുണ്ട് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.

