മുംബൈ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വെള്ളിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹം മുംബൈയിൽ വിമാനമിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം.
സന്ദർശനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ബിസിനസ് പ്രമുഖരുമായും സി.ഇ.ഒമാരുമായും കാർണി കൂടിക്കാഴ്ച നടത്തും. കനേഡിയൻ പെൻഷൻ ഫണ്ടുകളുടെ പ്രതിനിധികളുമായും അദ്ദേഹം ചർച്ചകൾ നടത്തുന്നുണ്ട്. 2023-ൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര വിള്ളൽ പരിഹരിക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
മാർച്ച് ഒന്നിന് അദ്ദേഹം ന്യൂഡൽഹിയിലേക്ക് തിരിക്കും. മാർച്ച് രണ്ടിന് ഹൈദരാബാദ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, ഊർജം, നിർണ്ണായക ധാതുക്കൾ (Critical Minerals), വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു നേതാക്കളും വിലയിരുത്തും. കൂടാതെ ഇന്ത്യ-കാനഡ സി.ഇ.ഒ ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.

