സിഡ്‌നി: വടക്കു പടിഞ്ഞാറന്‍ സിഡ്‌നിയിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തു. റിവര്‍സ്റ്റോണ്‍ ഗാര്‍ഫീല്‍ഡ് റോഡിലെ ഹവേലി എന്നു പേരായ ഇന്ത്യന്‍ റസ്റ്റോറന്റിലാണ് ഗുരുതരമായ സുരക്ഷാപ്രശ്‌നമുണ്ടായത്. അതിമാരകമായ കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകമാണ് ചോര്‍ന്നു പുറത്തെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സ് അധികൃതരും ഉടന്‍ സ്ഥലത്തെത്തി രക്ഷാനടപടികള്‍ സ്വീകരിച്ചു. റസ്‌റ്റോറന്റില്‍ ശുചീകരണത്തൊഴിലാളിയായിരുന്ന യുവാവാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിച്ചിരുന്ന മൂന്നു പോലീസുകാരും ഭക്ഷണശാലയുടെ ഉടമയും പുത്രനുമാണ് പരിക്കേറ്റവരിലുള്ളത്. സ്ഥാപന ഉടമ രാവിലെ ഇറങ്ങിച്ചെല്ലുമ്പോള്‍ തൊഴിലാളിയെ ശ്വാസംകിട്ടാതെ വീണു കിടക്കുന്ന അവസ്ഥയിലാണ് കാണുന്നത്. അപ്പോള്‍ തന്നെ അടിയന്തര സേവന വിഭാഗത്തില്‍ വിളിക്കുകയായിരുന്നു. വൈകാതെ ഉടമയും പുത്രനും ബോധരഹിതരായി വീണു. അേേപ്പാഴേക്കും സ്ഥലത്തെത്തിയ സുരക്ഷാജീവനക്കാരാണ് ഇവരെസ്ഥലത്തു നിന്നു മാറ്റുന്നത്. പോലീസുകാര്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ സമീപത്തു തന്നെയുള്ള ബ്ലാക്ടൗണ്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
ഇന്നു രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ വിവരം ലഭിച്ചതിനാല്‍ അഗ്നിസേനാംഗങ്ങള്‍ക്കു സ്ഥലത്തേക്കു കുതിച്ചെത്താനായി. സ്ഥലത്ത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നതായി എന്‍എസ്ഡബ്ല്യൂ അഗ്നിസേനയുടെ സൂപ്രണ്ട് ആഡം ഡ്യൂബറി വ്യക്തമാക്കി. എന്നാല്‍ അതിനൊപ്പം മറ്റെന്തൊക്കെയോ വാതകങ്ങളുടെ സാന്നിധ്യവും സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. അപകടകരമായ വാതകങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ പരിശീലനം സിദ്ധിച്ച അഗ്നിസേനാംഗങ്ങളെയാണ് സ്ഥലത്ത് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സ്ഥലം അഗ്നിസേനാംഗങ്ങളുടെ നിയന്ത്രണത്തിലാണ്. അവര്‍ കൂടുതല്‍ പരിശോധനയ്ക്കായി വായുവിന്റെ സാമ്പിളുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്തൊക്കെ വാതകങ്ങളാണ് ചോര്‍ന്നതെന്നു കണ്ടെത്താനാവൂ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവരുടെ ചികിത്സയ്ക്കും ഇക്കാര്യത്തില്‍ സ്ഥിരീകരണം വരുത്തേണ്ടതുണ്ട്. ഭക്ഷണശാല സ്ഥിതിചെയ്യുന്നസ്ഥലം മുഴുവന്‍ വേര്‍തിരിച്ച് പൊതുജനങ്ങള്‍ പ്രവേശിക്കുന്നതു നിയന്ത്രിച്ചിരിക്കുകയാണ്.
പാചകവാതകം ഉള്‍പ്പെടെ തീപിടിക്കുന്ന ഏതു വസ്തുവും വളരെ പരിമിതമായ വായുസമ്പര്‍ക്കത്തില്‍ കത്തുമ്പോഴാണ് കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെടുന്നത്. ഇതിനു മണമോ തിരിച്ചറിയാന്‍ തക്ക മറ്റെന്തെങ്കിലും സ്വഭാവമോ ഇല്ല. അതിനാലാണ് ഇതുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ക്കു മാറിപ്പോകാന്‍ സാധിക്കാതാകുന്നത്. ശരിയായ വെന്റിലേഷന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പാചകവാതകം ചോര്‍ന്നാലും കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു വിദഗ്ധര്‍ പറയുന്നു.
റിവര്‍സ്റ്റോണിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ വിഷവാതക ചോര്‍ച്ച, ഒരു മരണം

