ചരിത്രം കുറിച്ച് കാർലോസ് അൽകാരാസ്; ജോക്കോവിച്ചിനെ വീഴ്ത്തി കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം

മെൽബൺ: ടെന്നീസ് ലോകത്തെ പുത്തൻ ഇതിഹാസം സ്പെയിനിന്റെ കാർലോസ് അൽകാരാസ് മെൽബൺ പാർക്കിൽ ചരിത്രം രചിച്ചു. ഞായറാഴ്ച നടന്ന വാശിയേറിയ ഫൈനലിൽ ഇതിഹാസ താരം നോവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി അൽകാരാസ് തന്റെ കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി.

ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായി തിരിച്ചുവന്നാണ് 22-കാരനായ അൽകാരാസ് വിജയം നേടികൊടുത്തത്‌. സ്കോർ: 2-6, 6-2, 6-3, 7-5. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് പത്തുവട്ടം മെൽബണിൽ കിരീടം ചൂടിയ ജോക്കോവിച്ചിനെ സ്പാനിഷ് താരം കീഴടക്കിയത്.

ഈ വിജയത്തോടെ കരിയർ ഗ്രാൻഡ് സ്ലാം (നാല് പ്രധാന ഗ്രാൻഡ് സ്ലാം കിരീടങ്ങളും നേടുക) പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോർഡ് അൽകാരാസ് സ്വന്തമാക്കി. ഇതിഹാസ താരം റാഫേൽ നദാലിന്റെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. അൽകാരാസിന്റെ ഏഴാമത്തെ ഗ്രാൻഡ് സ്ലാം കിരീടമാണിത്.

തന്റെ 25-ാം ഗ്രാൻഡ് സ്ലാം കിരീടം എന്ന സ്വപ്നവുമായി ഇറങ്ങിയ 38-കാരനായ ജോക്കോവിച്ചിന് മെൽബൺ ഫൈനലിലെ തന്റെ ആദ്യ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മത്സരശേഷം അൽകാരാസിനെ അഭിനന്ദിച്ച ജോക്കോവിച്ച്, അൽകാരാസ് വിജയത്തിന് അർഹനാണെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *