ബ്രിസ്ബേൻ: റിട്ടയേർഡ് അധ്യാപകനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിലാക്കി കുഴിച്ചുമൂടിയ കേസിൽ പ്രതി ബോബി ആൻഡ്രൂ വീവർ കുറ്റസമ്മതം നടത്തി. കൃത്യം ഏഴ് വർഷം മുൻപ് ഇതേ ദിവസമാണ് (ഏപ്രിൽ 1) കൊല്ലപ്പെട്ട ഡേവിഡ് ചാൾസ് തോൺടണിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ബ്രിസ്ബേൻ സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഗണിത-ശാസ്ത്ര അധ്യാപകനായിരുന്ന ഡേവിഡ് തോൺടണിനെ 2019 ഫെബ്രുവരി 22-നാണ് അവസാനമായി കണ്ടത്. വീട്ടുകാരെ വിവരമറിയിക്കാതെ കാണാതായതിനെ തുടർന്ന് മാർച്ചിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ബ്രിസ്ബേന് പടിഞ്ഞാറുള്ള ഗുഡ്നയിലെ (Goodna) അദ്ദേഹത്തിന്റെ വീടിന്റെ പിൻമുറ്റത്ത് നടത്തിയ ഖനനത്തിനൊടുവിൽ, 2019 ഏപ്രിൽ 1-നാണ് ഒരു ചെസ്റ്റ് ഫ്രീസർ കണ്ടെടുത്തത്. ഇതിനുള്ളിൽ തോൺടണിന്റെ മൃതദേഹാവശിഷ്ടങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2019 ഏപ്രിൽ 2-ന് ന്യൂ സൗത്ത് വെയ്ൽസിലെ ടൈഗറയിൽ വെച്ച് വീവറെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ക്വീൻസ്ലാന്റിലേക്ക് കൈമാറുകയും ചെയ്തു. ഈ വർഷം ജൂലൈയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി പ്രതി കുറ്റം സമ്മതിച്ചത്. ജസ്റ്റിസ് റെബേക്ക വിൽസണ് മുന്നിൽ ഹാജരായ വീവർ, കൊലപാതക കുറ്റം സമ്മതിച്ചെങ്കിലും കൂടുതൽ വിശദീകരണങ്ങൾ നൽകാൻ തയ്യാറായില്ല.
പ്രതിയുടെ ആരോഗ്യനില സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സമയം വേണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. വീവറെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാൻ കോടതി ഉത്തരവിട്ടു. ശിക്ഷാവിധി പ്രഖ്യാപിക്കുന്ന തീയതി നിശ്ചയിക്കുന്നതിനായി ഏപ്രിൽ 8-ന് കേസ് വീണ്ടും പരിഗണിക്കും. ഏറെ വിവാദമായ ഈ കൊലക്കേസിൽ ഏഴ് വർഷത്തിന് ശേഷം പ്രതി കുറ്റസമ്മതം നടത്തിയത് കൊല്ലപ്പെട്ട തോൺടണിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി.

