അഡ്ലെയ്ഡ്: പോർട്ട് അഡ്ലെയ്ഡിലെ ഒരു നിർമ്മാണ സൈറ്റിൽ സിമന്റ് പൊടിപടലം പടർന്നുപിടിച്ച് തൊഴിലാളികൾ അപകടത്തിലായതിന്റെ ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ, പ്രദേശം മുഴുവൻ വെളുത്ത സിമന്റ് പൊടിയാൽ മൂടപ്പെടുകയും തൊഴിലാളികൾ ശ്വാസം മുട്ടി ചുമയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ‘7ന്യൂസ്’ പുറത്തുവിട്ടത്. പൈപ്പ് ലൈനിലുണ്ടായ തകരാറിനെത്തുടർന്ന് സെക്കൻഡുകൾക്കുള്ളിൽ പ്രദേശം മുഴുവൻ പൊടിപടലം വിഴുങ്ങുകയായിരുന്നു.
“നീ എവിടെയാണ്?” എന്ന് സഹപ്രവർത്തകനെ വിളിച്ചലറുന്ന തൊഴിലാളിയുടെ ശബ്ദം ദൃശ്യങ്ങളിൽ വ്യക്തമാണ്. കട്ടിയുള്ള പൊടിപടലത്തിനിടയിൽ കാഴ്ച മങ്ങുകയും ശ്വസിക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്ന തൊഴിലാളികൾ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. സിഎഫ്‌എംഇയു നൽകുന്ന വിവരമനുസരിച്ച്, ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന സിലിക്ക ഡസ്റ്റ് , കാർബൺ മോണോക്സൈഡ് എന്നിവ തൊഴിലാളികൾ ശ്വസിച്ചിരിക്കാൻ സാധ്യതയുണ്ട്. സിലിക്കയുമായുള്ള സമ്പർക്കം ഒരു അളവിലും സുരക്ഷിതമല്ലെന്ന് യൂണിയൻ പ്രതിനിധി ട്രാവിസ് ഹേരാ-സിംഗ് വ്യക്തമാക്കി.
സംഭവസമയത്ത് സൈറ്റിലുണ്ടായിരുന്ന ഏകദേശം 44 ഓളം തൊഴിലാളികൾക്ക് ഈ വിഷപ്പൊടി ശ്വസിക്കേണ്ടി വന്നതായി യൂണിയൻ ആരോപിക്കുന്നു. തൊഴിലാളികൾക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകിയിരുന്നില്ലെന്നും ആരോപണമുണ്ട്. “അപകടത്തിന് പിന്നാലെ തൊഴിലാളികൾക്ക് വീട്ടിൽ പോകാൻ അനുവാദം നൽകിയെങ്കിലും അന്നത്തെ ശമ്പളം നൽകില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്,” ഹേരാ-സിംഗ് കൂട്ടിച്ചേർത്തു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് നിർമ്മാണ കമ്പനിയായ ഹാലാർഡ് ഗ്രൂപ്പ് രംഗത്തെത്തി. തങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും സിമന്റിൽ 0.5 ശതമാനത്തിൽ താഴെ മാത്രമാണ് സിലിക്കയുടെ അളവെന്നും അതിനാൽ ആരോഗ്യപരമായ അപകടസാധ്യത കുറവാണെന്നുമാണ് കമ്പനിയുടെ വാദം. സംഭവത്തിന് പിന്നാലെ പ്രദേശം ഒഴിപ്പിക്കുകയും സേഫ് വർക്ക് എസ്.എ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈറ്റ് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വരെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

