വനിതാ സംവരണ ബില്ലിൽ ഭേദഗതിക്ക് കേന്ദ്രം; നടപ്പിലാക്കാൻ പുതിയ നിർദ്ദേശങ്ങൾ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ (നാരീശക്തി വന്ദൻ അധിനിയമം) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഭേദഗതികൾക്കും നിർദ്ദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ നീക്കം തുടങ്ങുന്നു. 2023-ൽ പാർലമെന്റ് പാസാക്കിയ ബിൽ നടപ്പിലാക്കുന്നതിലെ കാലതാമസവും നിബന്ധനകളും ചർച്ചയാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

ബില്ലിലെ നിലവിലെ വ്യവസ്ഥകൾ അനുസരിച്ച്, അടുത്ത സെൻസസും മണ്ഡല പുനർനിർണ്ണയവും (Delimitation) പൂർത്തിയായ ശേഷമേ വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കൂ. എന്നാൽ ഇതിൽ മാറ്റം വരുത്തിക്കൊണ്ട് 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ സംവരണം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള സാധ്യതകളാണ് കേന്ദ്രം ആരായുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതി ബിൽ നടപ്പു സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കും.മണ്ഡല പുനർനിർണ്ണയത്തിനായി കാത്തുനിൽക്കാതെ തന്നെ സംവരണം നടപ്പിലാക്കാൻ ആവശ്യമായ നിയമപരമായ മാറ്റങ്ങൾ വരുത്തുക,നിലവിലുള്ള സീറ്റുകളിൽ തന്നെ സംവരണം ഉറപ്പാക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ കൊണ്ടു വരിക എന്നിവയാണ് ലക്ഷ്യം.

ബില്ലിലെ പുതിയ നിർദ്ദേശങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ സർക്കാർ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.അതേസമയം, ഒബിസി (OBC) വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ഉപസംവരണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഇപ്പോഴും ശക്തമായി തുടരുകയാണ്. രാജ്യസഭയിലും നിയമനിർമ്മാണ കൗൺസിലുകളിലും സംവരണം ഏർപ്പെടുത്താത്തതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ തർക്കവിഷയങ്ങൾക്കിടയിലാണ് ബിൽ നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ പുതിയ നീക്കങ്ങൾ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *