ഇറാനിലെ സംഘർഷസാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക നിലപാട് വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പൂർണ്ണമായും നിലയ്ക്കുന്ന സാഹചര്യത്തിൽ മാത്രമേ പ്രത്യേക രക്ഷാദൗത്യം ആരംഭിക്കുകയുള്ളൂവെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. നിലവിൽ വിമാന സർവീസുകൾ ലഭ്യമാണെന്നും, മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് വരാമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
ഏകദേശം 9,000 ഇന്ത്യക്കാരാണ് നിലവിൽ ഇറാനിലുള്ളത്, ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം നിരന്തരം സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഇറാനിലെ നിലവിലെ സ്ഥിതിഗതികൾക്കനുസരിച്ചായിരിക്കും രക്ഷാദൗത്യം സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ എടുക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

