കാൻബറ: ഓസ്‌ട്രേലിയയുടെ പ്രശസ്തമായ ഒരു ഡോളർ നാണയത്തിന് പുതിയ മുഖം നൽകുന്നു. രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലായ ദശാംശ നാണയ സമ്പ്രദായം (Decimal currency) നടപ്പിലാക്കിയതിന്റെ 60-ാം വാർഷികം പ്രമാണിച്ചാണ് നാണയത്തിന്റെ രൂപകൽപ്പനയിൽ മാറ്റം വരുത്തുന്നത്. നിലവിൽ അഞ്ച് കംഗാരുക്കളുടെ ചിത്രം രേഖപ്പെടുത്തിയ നാണയത്തിൽ ഇനി മുതൽ ആറാമതൊരു കംഗാരു കൂടി ഇടംപിടിക്കും.
ഒറ്റനോട്ടത്തിൽ വലിയ മാറ്റമായി തോന്നില്ലെങ്കിലും, ഓസ്‌ട്രേലിയൻ നാണയങ്ങളുടെ പരിണാമത്തെ സൂചിപ്പിക്കുന്നതാണ് ഈ പുതിയ മാറ്റം. “രാജ്യത്തിന്റെ വളർച്ചയ്ക്കൊപ്പം നമ്മുടെ കറൻസിയും മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളമാണിത്,” ലേബർ മിനിസ്റ്റർ ആൻഡ്രൂ ലെയ്‌ഗ് പറഞ്ഞു. 1966-ലാണ് ഓസ്‌ട്രേലിയ പൗണ്ട് ഉപേക്ഷിച്ച് ഡോളറും സെന്റും അടങ്ങുന്ന ദശാംശ സമ്പ്രദായത്തിലേക്ക് മാറിയത്. ആ ചരിത്രപരമായ മാറ്റത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ സ്പെഷ്യൽ എഡിഷൻ നാണയങ്ങൾ പുറത്തിറക്കുന്നത്.
ആറാമത്തെ കംഗാരു ഉൾപ്പെട്ട ഈ പ്രത്യേക നാണയങ്ങൾ 2026-ൽ മാത്രമായിരിക്കും മിന്റ് ചെയ്യുക. തുടർന്ന് ഇവ പൊതുവിപണിയിൽ പ്രചാരത്തിൽ വരും. ഓസ്‌ട്രേലിയൻ സംസ്കാരത്തിന്റെ അടയാളമായ കംഗാരുക്കൾ പതിച്ച ഒരു ഡോളർ നാണയം ലോകമെമ്പാടും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. വാർഷികം ആഘോഷിക്കുന്ന ഈ വർഷം ശേഖരിക്കുന്ന നാണയങ്ങൾ ഭാവിയിൽ മികച്ച മൂല്യമുള്ളവയായി മാറുമെന്നും കരുതപ്പെടുന്നു.

