ഒഡീഷയിൽ ചെന്നൈ സെൻട്രൽ എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല

ഭുവനേശ്വർ: ഒഡീഷയിലെ ജഖാപുര റെയിൽവേ സ്റ്റേഷന് സമീപം ചെന്നൈ സെൻട്രൽ – ന്യൂ ജൽപൈഗുരു എക്സ്പ്രസ് പാളം തെറ്റി. ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളത്തിൽ നിന്നും തെന്നി മാറിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല എന്നത് വലിയ ആശ്വാസമായി.

അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഭദ്രകിൽ നിന്നുള്ള റെയിൽവേ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. റെയിൽവേ അധികൃതർ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ഈ റൂട്ടിലൂടെയുള്ള മറ്റ് ട്രെയിൻ സർവീസുകൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ മുൻകരുതലുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്.

പാളം തെറ്റാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെത്തുടർന്ന് തകർന്ന റെയിൽവേ ലൈനിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. ട്രാക്കുകൾ വേഗത്തിൽ വൃത്തിയാക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി പ്രത്യേക എഞ്ചിനീയറിംഗ് ടീമുകളെ സ്ഥലത്ത് വിന്യസിച്ചതായി റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *