തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.വിവിധ വകുപ്പുകളുടെ വികസന പദ്ധതികൾ ആറാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇനി ആറാഴ്ച മാത്രമാണ് സർക്കാരിനു മുന്നിലുള്ളത്. ഇതിനകം ഇപ്പോൾ പ്രഖ്യാപിച്ചതും നടപ്പാക്കിവരുന്നതുമായ പദ്ധതികളെല്ലാം പൂർത്തിയാക്കണം. ഇനി പുതിയ പദ്ധതികൾ ബജറ്റിൽ മാത്രമാകും പ്രഖ്യാപിക്കുക. അത് അടുത്ത സാന്പത്തിക വർഷാരംഭം മുതൽ നടപ്പാക്കേണ്ടതാണ്.
ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ജസ്റ്റീസ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിൽ ഇനി നടപ്പാക്കാനുള്ളവയും വേഗത്തിൽ തീർപ്പാക്കണം. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് പല കാര്യങ്ങളിലും ഇടപെടാൻ പെരുമാറ്റച്ചട്ടം തടസമാകും. ഈ സമയങ്ങളിൽ സെക്രട്ടറിമാരാകണം ഇത് കണ്ടറിഞ്ഞു നിർവഹിക്കേണ്ടത്. ഈ സമയങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നത് അടക്കമുള്ളവ ഉണ്ടാകാൻ സാധ്യതയുണ്ട്.
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണാൻ സെക്രട്ടറി തലത്തിൽ ഇടപെടലുണ്ടാകണമെന്നും രണ്ടു മണിക്കൂറോളം നീണ്ട ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രിമാരുടെ യോഗം വിളിച്ചും വികസന പദ്ധതികൾ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

