തീയായ് പടര്‍ന്ന ദുരന്തത്തെ അതിജീവിക്കാന്‍ കാര്‍ത്തിക്കിനും കൃഷ്ണവേണിക്കും കൈതാങ്ങായി ശിശുക്ഷേമ സമതി;പഠനചെലവുകള്‍ വഹിക്കും,

തീയായിപടര്‍ന്ന ദുരന്തത്തെ അതിജീവിക്കാനായി കുട്ടികള്‍ക്കൊപ്പം ചേരുകയാണ് ജില്ലാ ശിശുക്ഷേമസമിതി. ചിറ്റുമല ദേവീക്ഷേത്രത്തിന് പിന്നില്‍ കാഞ്ഞിരംവിള തെക്കതില്‍ താമസിച്ചിരുന്ന കാര്‍ത്തിക്കിന്റെയും കൃഷ്ണവേണിയുടെയും വീട് കഴിഞ്ഞ ഡിസംബര്‍ 31ന് തീപ്പിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ച പശ്ചാത്തലത്തിലാണ് ഇടപെടല്‍. തുടര്‍ജീവിതത്തിന് കരുത്തേകുംവിധമാണ് പിന്തുണ.

വീടിന്റെ പ്രമാണവും പ്രധാന രേഖകളും നശിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ഒരു വര്‍ഷത്തേക്കുള്ള പഠനസാമഗ്രികള്‍ ഉള്‍പ്പടെയുള്ള ചിലവുകള്‍ ജില്ലാ ശിശുക്ഷേമസമിതി ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുമാണ് തുക കണ്ടത്തുന്നത്. ഇവിടം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തിയാണ് തീരുമാനമെന്ന് സമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ് വ്യക്തമാക്കി.

കുട്ടികളുടെ അച്ഛനായ രാഹുല്‍രാജ് ഡ്രൈവറാണ്. അമ്മ സ്വകാര്യ കടയിലെ ജീവനക്കാരി. നിലവില്‍ നാലംഗ കുടുംബം ബന്ധുവീട്ടിലാണ് താമസിക്കുന്നത്.ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തന്‍,ജില്ല ശിശുക്ഷേമ സമിതി ട്രഷറര്‍ എന്‍ അജിത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍ മനോജ് എന്നിവരാണ് വിവരങ്ങള്‍ നേരിട്ട് വിലയിരുത്തിയത്.ശിശുക്ഷേമ സമിതിയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പദ്ധതിയിലും കുട്ടികളെ ഉള്‍പ്പെടുത്തി.സി.വി.കെ.എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്‍. കാര്‍ത്തിക്, എസ്.ജെ.എം എല്‍.പി.എസിലെ മൂന്നാം ക്ലാസിലാണ് കൃഷ്ണവേണി.

Leave a Reply

Your email address will not be published. Required fields are marked *