എഐ കഥാപാത്രങ്ങളുമായുള്ള കൂട്ടുകൂടൽ കുട്ടികൾക്ക് വേണ്ട; വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും മെറ്റയുടെ നിയന്ത്രണം

ന്യൂഡൽഹി: വാട്സാപ്പ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിൽ എഐ ഉപയോഗിച്ച് സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് ചാറ്റ് ചെയ്യുന്ന ഫീച്ചർ പ്രായപൂർത്തിയാകാത്തവർക്ക് ലഭ്യമാകില്ലെന്ന് മെറ്റ അറിയിച്ചു. ഉപഭോക്താക്കൾക്ക് സ്വന്തം പേരിൽ എഐ വേഷപ്പകർച്ചകൾ നിർമിക്കാനും ഫോളോവർമാരുമായി സംവദിക്കാനും സാധിക്കുന്ന ‘എഐ സ്റ്റുഡിയോ’ എന്ന ഫീച്ചറിലാണ് മെറ്റ നിയന്ത്രണം ഏർപ്പെടുത്തിയത്. എഐ ബോട്ടുകളുമായുള്ള നിരന്തരമായ സംഭാഷണങ്ങൾ കുട്ടികളുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കകൾ കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം.

എഐ കഥാപാത്രങ്ങൾ താൽക്കാലികമായി കുട്ടികൾക്ക് ലഭ്യമാകില്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം വരും ദിവസങ്ങളിൽ ഇത് പുനരവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, വിവരങ്ങൾ തിരയാനും സംശയനിവാരണത്തിനുമുള്ള മെറ്റയുടെ ‘എഐ അസിസ്റ്റന്റ്’ ഫീച്ചർ കുട്ടികൾക്ക് തുടർന്നും ഉപയോഗിക്കാനാകും. പ്രമുഖ എഐ കമ്പനിയായ ‘കാരക്ടർ.എഐ’ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ പ്രായപൂർത്തിയാകാത്തവർക്ക് എഐ കഥാപാത്രങ്ങളുമായുള്ള സംഭാഷണത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മെറ്റയും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *