മലപ്പുറം: ആതവനാട് പഞ്ചായത്ത് തല പ്രീ-പ്രൈമറി സ്കൂളിലെ കുരുന്നുകളെ പൊരിവെയിലത്ത് കായിക മത്സരങ്ങളിൽ പങ്കെടുപ്പിച്ചതായി പരാതി. ആതവനാട് കാട്ടിലങ്ങാടി ഗവ. എൽ.പി സ്കൂൾ മൈതാനിയിലാണ് മത്സരങ്ങൾ അരങ്ങേറിയത്. പ്രീ-പ്രൈമറി വിഭാഗത്തിലെ കൊച്ചു കുട്ടികൾ കൊടും ചൂടിൽ ചെരുപ്പ് പോലും ധരിക്കാതെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. മൈതാനത്ത് തണലുള്ള പ്രദേശങ്ങൾ ഉണ്ടായിരുന്നിട്ടും കുട്ടികളെ വെയിലത്ത് നിർത്തി മത്സരിപ്പിച്ചത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പരാതി.
കുറ്റിപ്പുറം ബി.ആർ.സിയിലെജീവനക്കാരും കായികാധ്യാപകനുമാണ് മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത്. ഈ സമയത്ത് സ്കൂൾ പ്രഥമാധ്യാപികയും സ്ഥലത്തുണ്ടായിരുന്നു. വെയിലത്ത് മത്സരിപ്പിച്ചതിൽ തെറ്റില്ലെന്ന് ഒരു ബി.ആർ.സി ജീവനക്കാരി ആദ്യം പറഞ്ഞെങ്കിലും പിന്നീട് ആ പ്രസ്താവന തിരുത്തി. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് ചില രക്ഷിതാക്കൾ തങ്ങളുടെ മക്കളെ മത്സരത്തിൽ പങ്കെടുപ്പിക്കാതെ വിട്ടുനിന്നു.

