എല്ലാവര്‍ക്കും വേണം, അവരുടെ പട്ടിക്കും വേണം ഷെയര്‍- ഒരു ടിക് ടോക് വിശേഷം

വാഷിങ്ടണ്‍: ടിക് ടോക് അമേരിക്കന്‍ എഡിഷന്‍ വേറൊരു കമ്പനിയായി രൂപീകരിക്കാനും അതില്‍ അമേരിക്കയിലെ വ്യവസായ പ്രമുഖര്‍ക്കെല്ലാം ഓഹരി പങ്കാളിത്തം നല്‍കാനും തീരുമാനമായി. ഇതിനായി അമേരിക്കയിലെ ബന്ധപ്പെട്ട വ്യവസായികള്‍ ചേര്‍ന്ന് അയ്യായിരം കോടി ഡോളര്‍ ഓഹരി മൂല്യമുള്ള പ്രത്യേക കമ്പനി രൂപീകരിക്കുന്നതാണ്. അമേരിക്കയിലെ ടിക് ടോക് കമ്പനിക്ക് നിലവിലുള്ള ടിക് ടോക്കിന്റെ സോഴ്‌സ് കോഡ് വിട്ടു നല്‍കും. ഇതേ സോഴ്‌സ് കോഡില്‍ തട്ടിയായിരുന്നു ചര്‍ച്ച ഒരിടത്തുമെത്താതെ പോയത്. അമേരിക്കയില്‍ മാത്രം ടിക് ടോക്കിന് 17 കോടിയിലധികം ഉപയോക്താക്കളാണുള്ളത്. ഇവര്‍ക്കു വേണ്ടിമാത്രമായിരിക്കും അമേരിക്കന്‍ എഡിഷന്‍ പ്രവര്‍ത്തിക്കുക. ഇങ്ങനെ രൂപീകരിക്കുന്ന കമ്പനിയില്‍ പ്രധാന ഓഹരി പങ്കാളിത്തം ലഭിക്കുക സസ്‌ക്വിഹാന ഇന്റര്‍നാഷണലിന്റെ ഉടമയായ ജെഫ് യാസിനും ജനറല്‍ അറ്റ്‌ലാന്റിക്കിലെ ബില്‍ ഫോര്‍ഡിനുമായിരിക്കും.
ഇവര്‍ക്കു പുറമെ ഇതില്‍ പണം മുടക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന വ്യവസായികള്‍ വളരെയധികമാണ്. ഇതില്‍ നിന്ന് ഇനി കാലങ്ങളോളം കിട്ടാന്‍ പോകുന്ന വരുമാനത്തിലാണ് എല്ലാവരുടെയും കണ്ണ്. എല്ലാവര്‍ക്കും വേണം ഷെയര്‍, അവരുടെയൊക്കെ പട്ടിക്കും വേണം ഷെയര്‍ എന്നാണ് അവസരം കിട്ടുമെന്നുറപ്പായൊരു വ്യവസായിയുടെ സ്വകാര്യ പ്രതികരണം. യഥാര്‍ഥ ടിക് ടോക്കിന്റെ ഉടമയായ സ്‌കൈഡാന്‍സിന് പുതിയ കമ്പനിയില്‍ 19.9 ശതമാനം ഷെയറുകളായിരിക്കും ഉണ്ടായിരിക്കുക. ഇപ്പോഴത്തെ തീരുമാനപ്രകാരം ഏറ്റവും മെച്ചമുണ്ടാക്കാന്‍ പോകുന്നവരില്‍ ഒരാള്‍ ഓറക്കിളാണ്. കാരണം ഓറക്കിളിന്റഎ സിഇഒ ലാരി എല്ലിസണിന്റെ പുത്രന് യഥാര്‍ഥ ടിക് ടോക്കിന്റെ ഉടമകളായ സ്‌കൈ ഡാന്‍സില്‍ നിര്‍ണായകമായ ഷെയറുള്ളതാണ്. അതിനു പുറമെ അമേരിക്കന്‍ ടിക് ടോക്ക് വരുമ്പോള്‍ അതിന്റെ ഹോസ്റ്റിങ്, സാങ്കേതികമായ മറ്റു കാര്യങ്ങള്‍ എന്നിവ നിറവേറ്റുക ഓറക്കിള്‍ തന്നെയായിരിക്കും. അതിനും പുറമെയാണ് അമേരിക്കന്‍ ടിക് ടോക്കില്‍ ലഭിക്കുന്ന ഓഹരി പങ്കാളിത്തം.
ചുരുക്കത്തില്‍ കോര്‍പ്പറേറ്റ് യുഗത്തില്‍ ഭരണം തന്നെ ബിസിനസായി മാറുന്നതെങ്ങനെയെന്നതിന്റെ തെളിവുകളായി മാറുകയാണ് ട്രംപിന്റെ അമേരിക്കയിലെ ഓരോ തീരൂമാനവും ഓരോ മാറ്റവും.