ബീജിംഗ്: ലൂണാർ പുതുവർഷാഘോഷങ്ങൾക്കൊരുങ്ങുന്ന ചൈനയെ നടുക്കി പടക്കക്കടയിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ജിയാങ്സു പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
കടയ്ക്ക് സമീപം ഒരു വ്യക്തി അശ്രദ്ധമായി പടക്കം പൊട്ടിച്ചതാണ് വൻ സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെത്തുടർന്ന് കടയിലുണ്ടായിരുന്ന പടക്കശേഖരത്തിന് തീപിടിക്കുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കട പൂർണ്ണമായും തകരുകയും സമീപത്തെ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ചൈനയിൽ പടക്കങ്ങൾക്ക് വലിയ ആവശ്യക്കാരുള്ള സമയത്താണ് ഈ ദാരുണ സംഭവം നടന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

