ഇന്ത്യയുടെ വ്യവസായ നയങ്ങൾക്കെതിരെ ലോക വ്യാപാര സംഘടനയെ (WTO) സമീപിച്ച് ചൈന. വാഹനങ്ങൾ, ബാറ്ററികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കിയ പ്രോത്സാഹന പദ്ധതികളെച്ചൊല്ലിയാണ് തർക്കം. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതോടെ, ഇന്ത്യക്കെതിരെ ഒരു തർക്ക പരിഹാര പാനൽ രൂപീകരിക്കണമെന്ന് ചൈന ലോക വ്യാപാര സംഘടനയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു.
ഇന്ത്യയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളോട്, പ്രത്യേകിച്ച് ചൈനീസ് ഉൽപ്പന്നങ്ങളോട് വിവേചനം കാണിക്കുന്നു എന്നാണ് ചൈനയുടെ പ്രധാന ആരോപണം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചൈന ഈ വിഷയത്തിൽ ആദ്യമായി എതിർപ്പ് പ്രകടിപ്പിച്ചത്. തുടർന്ന് 2025 നവംബറിലും 2026 ജനുവരി ആദ്യവാരത്തിലും ചർച്ചകൾ നടന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെയാണ് ജനുവരി 16-ന് ചൈന തർക്ക പരിഹാര സമിതിയെ സമീപിച്ചത്. ജനുവരി 27-ന് ജനീവയിൽ നടക്കുന്ന യോഗത്തിൽ ഈ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ കമ്പനികളെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ ആഭ്യന്തര ഉൽപ്പാദനത്തിന് ഇന്ത്യ അനാവശ്യ മുൻഗണന നൽകുന്നുവെന്നാണ് ചൈനീസ് വാദം. ഇത് ഡബ്ല്യുടിഒ നിയമങ്ങളായ എസ്‌സിഎം കരാർ, ഗാറ്റ് 1994, ടിആർഐഎം കരാർ എന്നിവയുടെ ലംഘനമാണെന്ന് ചൈന അവകാശപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതികൾക്കും പിഎൽഐ സ്കീമുകൾക്കും എതിരെ ചൈന നടത്തുന്ന ഈ നീക്കം സാമ്പത്തിക ലോകം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

