42 രാജ്യങ്ങളിൽ ചൈനീസ് ചാരവൃത്തി; ഗൂഗിൾ സുരക്ഷാ വിഭാഗം വൻ ഹാക്കിംഗ് ശൃംഖലയെ പിടികൂടി

ബീജിംഗ്: ലോകമെമ്പാടുമുള്ള 42 രാജ്യങ്ങളിലെ ടെലികോം കമ്പനികളെയും സർക്കാർ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ചൈനീസ് ഹാക്കിംഗ് സംഘത്തെ ഗൂഗിൾ സൈബർ സുരക്ഷാ വിഭാഗം തടഞ്ഞു. ‘യുഎൻസി 2814’ (UNC2814), ‘ഗാലിയം’ (Gallium) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹാക്കിംഗ് ശൃംഖലയെയാണ് ഗൂഗിൾ ത്രെട്ട് ഇന്റലിജൻസ് ഗ്രൂപ്പ് കണ്ടെത്തിയത്.

ഹാക്കർമാർ ‘ഗ്രിഡ്‌ടൈഡ്’ (Gridtide) എന്ന രഹസ്യ സോഫ്റ്റ്‌വെയർ (Backdoor) ഉപയോഗിച്ചാണ് സിസ്റ്റങ്ങളിൽ പ്രവേശിച്ചിരുന്നത്. വിചിത്രമെന്നു പറയട്ടെ, തങ്ങളുടെ ചാരപ്രവർത്തനങ്ങൾ ആരും തിരിച്ചറിയാതിരിക്കാൻ ഇവർ ഗൂഗിൾ ഷീറ്റ്സ് (Google Sheets) ആണ് നിർദ്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചിരുന്നത്. സാധാരണ ഓഫീസ് ഫയലുകൾ കൈമാറുന്നു എന്ന് തോന്നിപ്പിച്ച് ഇവർ വിവരങ്ങൾ ചോർത്തുകയായിരുന്നു. വോട്ടർ ഐഡി നമ്പറുകൾ, ഫോൺ നമ്പറുകൾ, ജനനത്തീയതി തുടങ്ങിയ അതീവ സുരക്ഷയുള്ള വ്യക്തിഗത വിവരങ്ങളാണ് ഇവർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. ലോകമെമ്പാടുമുള്ള സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാനുള്ള ഒരു വലിയ നിരീക്ഷണ സംവിധാനമായാണ് ഇത് പ്രവർത്തിച്ചിരുന്നത്.

ഹാക്കർമാരുടെ ഗൂഗിൾ ക്ലൗഡ് ആക്‌സസ് തടയുകയും ബന്ധപ്പെട്ട അക്കൗണ്ടുകൾ റദ്ദാക്കുകയും ചെയ്തതായി ഗൂഗിൾ അറിയിച്ചു. ഇവരുടെ സൈബർ അടിസ്ഥാന സൗകര്യങ്ങൾ തകർത്തതിലൂടെ മറ്റ് 22 രാജ്യങ്ങളിലേക്ക് കൂടി ഈ ശൃംഖല വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞതായും ഗൂഗിൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *