ചിറ്റൂർ/പാലക്കാട്: ചിറ്റൂരിലെ എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ഇനി ഒരേ മേൽക്കൂരയ്ക്ക് കീഴിലേക്ക്. വർഷങ്ങൾ പഴക്കമുള്ളതും ജീർണ്ണിച്ചതുമായ പഴയ ഓഫീസ് കെട്ടിടത്തിന് പകരം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച എക്‌സൈസ് കോംപ്ലക്‌സ് ഉദ്ഘാടനത്തിന് സജ്ജമായി. ഫെബ്രുവരി രണ്ടാം വാരത്തോടെ കെട്ടിടം നാടിന് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
3.76 കോടി രൂപ ചെലവിൽ 1018 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 2015-16 സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തെത്തുടർന്നാണ് പദ്ധതിക്ക് തുടക്കമായത്. ഗ്രൗണ്ട് ഫ്ലോർ കൂടാതെ രണ്ട് നിലകളിലായാണ് കോംപ്ലക്‌സ് ഒരുങ്ങിയിരിക്കുന്നത്.
താഴത്തെ നിലയിൽ (326 ച.മീറ്റർ) വാഹന പാർക്കിംഗ്, ലോബി, ലോഞ്ച്, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക മുറി, ലിഫ്റ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിൽ എക്‌സൈസ് റേഞ്ച് ഓഫീസും രണ്ടാം നിലയിൽ എക്‌സൈസ് സർക്കിൾ ഓഫീസുമാണ് പ്രവർത്തിക്കുക. ഇരുനിലകളിലും ലോക്കപ്പ് സൗകര്യങ്ങളും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായുള്ള ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
റേഞ്ച്, സർക്കിൾ ഓഫീസുകൾ ഒരേ കെട്ടിടത്തിലേക്ക് മാറുന്നതോടെ ചിറ്റൂർ മേഖലയിലെ എക്‌സൈസ് സേവനങ്ങളും പരിശോധനകളും കൂടുതൽ കാര്യക്ഷമമാകാൻ പുതിയ കോംപ്ലക്‌സ് സഹായിക്കും

