ചോരക്കട്ട പോലെ ചുവന്ന ചെന്തൊണ്ടി: നാട്ടിൻപുറത്തെ സ്വാദിഷ്ടമായ കാട്ടുപഴം

നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ ഇടവഴികളിലും കാവുകളിലും ഒരുകാലത്ത് ധാരാളമായി കണ്ടുവന്നിരുന്ന പഴമാണ് ചെന്തൊണ്ടി. പഴുത്തു നിൽക്കുന്ന ചെന്തൊണ്ടിപ്പഴം കാണാൻ തന്നെ നല്ല ഭംഗിയാണ്. ഇതിന്റെ പുറംതോട് പൊളിച്ചാൽ ഉള്ളിൽ കടും ചുവപ്പ് നിറത്തിലുള്ള ഭാഗമാണ് കാണാനാവുക. കട്ടപിടിച്ച ചോരയുടെ അതെ നിറമായതിനാലാണ് പലയിടങ്ങളിലും ഇതിനെ ‘ചോരക്കട്ടപ്പഴം’ എന്ന് വിളിക്കുന്നത്.

മധുരവും ഒപ്പം നേരിയ പുളിപ്പും കലർന്ന ഒരു സവിശേഷ രുചിയാണ് ഈ പഴത്തിന്റേത്. ഒരിക്കൽ കഴിച്ചവർക്ക് ഇതിന്റെ രുചി മറക്കാനാവില്ല.കടും ചുവപ്പ് നിറത്തിലുള്ള ഈ പഴത്തിന്റെ ഉള്ളിലെ ദശ ഭക്ഷ്യയോഗ്യമാണ്. വിത്തുകൾക്ക് ചുറ്റുമുള്ള ഈ ചുവന്ന ഭാഗമാണ് നാം കഴിക്കാറുള്ളത്.മഴക്കാലത്തിന് ശേഷമുള്ള സമയങ്ങളിലാണ് നാട്ടിൻപുറങ്ങളിൽ ഇവ സാധാരണയായി പഴുത്തു കാണപ്പെടുന്നത്.

പണ്ട് സ്കൂൾ വിട്ടു വരുന്ന കുട്ടികളുടെ പ്രധാന വിനോദമായിരുന്നു വേലികളിൽ പടർന്നു കിടക്കുന്ന ചെന്തൊണ്ടിപ്പഴം പറിച്ചു കഴിക്കുക എന്നത്. കയ്യിലും ചുണ്ടിലും പറ്റിപ്പിടിക്കുന്ന ഇതിന്റെ ചുവന്ന നിറം കുട്ടികൾക്കിടയിൽ വലിയ കൗതുകമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ ഈ പഴം അന്യമായിരിക്കാം, എന്നാൽ പഴയ തലമുറയുടെ നൊസ്റ്റാൾജിയയിൽ ഈ ‘ചോരക്കട്ടപ്പഴം’ ഇന്നും മധുരമായി അവശേഷിക്കുന്നു.മനുഷ്യർക്ക് മാത്രമല്ല, പക്ഷികൾക്കും അണ്ണാനും മറ്റ് ചെറുജീവികൾക്കും പ്രിയപ്പെട്ട ഭക്ഷണമാണിത്. പഴങ്ങൾ കഴിച്ചശേഷം ജീവികൾ വിസർജ്ജിക്കുന്ന വിത്തുകൾ വഴിയാണ് ഈ സസ്യം പ്രകൃതിയിൽ വ്യാപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *