ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നു; പൗരന്മാരോട് അടിയന്തരമായി മടങ്ങാൻ ആഹ്വാനം ചെയ്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കാൻബറ: ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സൈനിക നീക്കങ്ങൾ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസി. ഞായറാഴ്ച രാവിലെ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്. മിഡിൽ ഈസ്റ്റിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് അടിയന്തരമായി ഒഴിഞ്ഞുപോരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ക്ക് ഓസ്‌ട്രേലിയ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇസ്രായേലിനും പേർഷ്യൻ ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. മേഖലയിൽ മിസൈൽ മഴ പെയ്യുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാൻ്റെ ആണവ മോഹങ്ങളെ തടയാനും അന്താരാഷ്ട്ര സുരക്ഷ ഉറപ്പാക്കാനുമാണ് സഖ്യകക്ഷികൾ ഈ ദൗത്യം നടത്തുന്നതെന്ന് അൽബനീസി ആവർത്തിച്ചു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി ഗൾഫ് രാജ്യങ്ങളിലടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളെ ബാധിച്ചിട്ടുണ്ട്. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സംഘർഷബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ ഒട്ടും വൈകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *