കൊച്ചി: ദീർഘകാലമായി തുടരുന്ന സഭാ തർക്കങ്ങളിൽ നിർണ്ണായക തീരുമാനവുമായി കേരള ഹൈക്കോടതി. ക്നാനായ കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള മറ്റൊരു കത്തോലിക്കാ വിശ്വാസിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സഭാംഗത്വം റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു. ക്നാനായ സഭയിലെ ‘രക്തശുദ്ധി’ വാദത്തെയും അത് ലംഘിക്കുന്നവരെ പുറത്താക്കുന്ന നടപടിയെയും ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഈ സുപ്രധാന വിധി.
സഭയ്ക്ക് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിച്ചാലും സഭയിലെ അംഗത്വമോ അതുവഴിയുള്ള ആത്മീയ അവകാശങ്ങളോ നഷ്ടമാകില്ലെന്ന് കോടതി വ്യക്തമാക്കി.വിവാഹം കഴിക്കാനുള്ള ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും, അത്തരമൊരു തീരുമാനത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. സഭയിൽ നിന്ന് പുറത്താക്കുന്ന നടപടി ക്രൂരവും ലിംഗവിവേചനപരവുമാണെന്ന ഹർജിക്കാരുടെ വാദം കോടതി ശരിവെച്ചു. കോട്ടയം അതിരൂപതയിലെ അംഗങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ആചാരത്തിനാണ് ഇതോടെ വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. സഭയുടെ പാരമ്പര്യം നിലനിർത്താൻ സ്വജാതി വിവാഹം അനിവാര്യമാണെന്ന വാദമാണ് കോടതി തള്ളിയത്. ഈ വിധി വരാനിരിക്കുന്ന സമാനമായ നിരവധി കേസുകളിൽ നിർണ്ണായക സ്വാധീനം ചെലുത്തും.

