ഇറാനില്‍ വസ്ത്രധാരണ നിയമങ്ങളുമായും സാമ്പത്തിക പ്രതിസന്ധിയുമായും ബന്ധപ്പെട്ട് ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ ഭരണമാറ്റം എന്ന ആവശ്യത്തിലേക്ക് വളര്‍ന്നിരിക്കുകയാണ് ഇതിനിടെ റഷ്യ ഇറാന് സൈനിക സഹായം നല്‍കുന്നതായും സൂചനകളുണ്ട്.ഇറാനിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും വസ്ത്രധാരണ നിയമങ്ങളിലെ കര്‍ക്കശമായ നിയന്ത്രണങ്ങളുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ജനുവരി ഒന്നിന് ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ ഇറാനിലെ 30-ലധികം നഗരങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ 31 പേര് കൊല്ലപ്പെട്ടു.ഇതില്‍ ഭൂരിഭാഗവും പ്രതിഷേധക്കാരും ചില സുരക്ഷാ ഉദ്യോഗസ്ഥരുമാണ്.ഏകദേശം 2000-ത്തിലധികം പേരെ ഭരണകൂടം തടവിലാക്കിയിട്ടുണ്ട്.ഇതില്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
പ്രതിഷേധക്കാര്‍ ഒത്തുചേരുന്നത് തടയാന്‍ ഇറാന് സര്‍ക്കാര്‍ രാജ്യമൊട്ടാകെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.ഇന്‍സ്റ്റാഗ്രാം,വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
തുടക്കത്തില്‍ വിലക്കയറ്റത്തിനെതിരെയായിരുന്നു പ്രതിഷേധമെങ്കിലും, ഇപ്പോള്‍ അത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭരണാധികാരികള്‍ക്കും പരമോന്നത നേതാവ് അയത്തൊള്ള അലി ഖാംനഈക്കും എതിരെയായി മാറിയിരിക്കുന്നു.’ഡിക്ടേറ്റര്‍ക്ക് മരണം’ എന്ന മുദ്രാവാക്യമാണ് തെരുവുകളില്‍ മുഴങ്ങുന്നത്.
ഇറാനിലെ സാഹചര്യം കൈവിട്ടുപോകുന്നു എന്ന് കണ്ടതോടെ,പരമോന്നത നേതാവായ ഖാംനഈ സുരക്ഷാ കാരണങ്ങളാല്‍ റഷ്യയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇറാന്റെ ഔദ്യോഗിക വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപ്,ഇറാനിലെ ജനങ്ങളുടെ ശബ്ദം ലോകം കേള്‍ക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു.സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെ ബലം പ്രയോഗിക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഇറാനോട് ആവശ്യപ്പെട്ടു.

