മണിപ്പൂരിൽ വീണ്ടും സംഘർഷം: ഉഖ്രുലിൽ വീടുകൾക്ക് തീയിട്ടു, ഇന്റർനെറ്റ് നിരോധിച്ചു

മണിപ്പൂർ : ഒരിടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും വംശീയ സംഘർഷത്തിന്റെ പിടിയിലായിരിക്കുകയാണ്. ഉഖ്രുൽ ജില്ലയിലെ ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിലാണ് ഇത്തവണ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തങ്ഖുൽ നാഗ വിഭാഗത്തിൽപ്പെട്ട ഒരാളെ കുക്കി വിഭാഗക്കാർ മർദ്ദിച്ചുവെന്ന ആരോപണമാണ് ഇത്തവണത്തെ സംഘർഷത്തിന് കാരണമായത്. ഇതിനെത്തുടർന്ന് സായുധ സംഘങ്ങൾ ഗ്രാമത്തിലെ നിരവധി വീടുകൾക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഏകദേശം മുപ്പതോളം വീടുകൾ പൂർണ്ണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഘർഷം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിൽ ഉഖ്രുൽ ജില്ലയിൽ അഞ്ച് ദിവസത്തേക്ക് പൂർണ്ണമായ ഇന്റർനെറ്റ് നിരോധനവും നിരോധനാജ്ഞയും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനാണ് ഈ നടപടി. കനത്ത സംഘർഷത്തെത്തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ അയൽ ജില്ലയായ കാങ്പോക്പിയിലേക്ക് പലായനം ചെയ്യുകയാണ്. മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് പരിക്കേറ്റവരെ സന്ദർശിക്കുകയും സമാധാനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എങ്കിലും പ്രദേശത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *