ഇംഫാൽ: മണിപ്പൂരിലെ കാംജോംഗ് ജില്ലയിൽ നാഗാ വിഭാഗത്തിലെ വിവിധ വിമത ഗ്രൂപ്പുകൾ തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ഹോങ്ബെയ് ഗ്രാമത്തിലാണ് സംഭവം നടന്നത്.നിരോധിത സംഘടനയായ എൻ.എസ്.സി.എൻ (NSCN) ഈസ്റ്റേൺ ഫ്ലാങ്ക് വിഭാഗത്തിലെ അംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ എതിർ വിഭാഗം വെടിയുതിർക്കുകയായിരുന്നു. ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപെട്ടു.ക്യാപ്റ്റൻ സോചിപെം ,സർജന്റ് മേജർ സൈറേ വസ , സർജന്റ് ബാൻലെ അഹ്ലപ്യ, സർജന്റ് തൻസോമി വാഷി എന്നിവരാണ് കൊല്ലപ്പെട്ടത്.കൊലപാതക വാർത്ത പുറത്തുവന്നതോടെ അയൽജില്ലയായ ഉഖ്റൂളിൽ വലിയ തോതിലുള്ള പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ഉഖ്റൂളിലെ എൻ.എസ്.സി.എൻ-ഐ.എം (NSCN-IM) ഓഫീസിന് തീയിട്ടു. കൊലപാതകത്തിന് പിന്നിൽ ഈ വിഭാഗമാണെന്ന് ആരോപിച്ചായിരുന്നു അക്രമം.സംഘർഷത്തെത്തുടർന്ന് ഉഖ്റൂളിലും കാംജോംഗിലും കനത്ത സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
മണിപ്പൂരിൽ വീണ്ടും സംഘർഷം; നാല് പേർ കൊല്ലപ്പെട്ടു

