സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഒഡിഷയില്‍ രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ സംഘര്‍ഷം

ഭുവനേശ്വര്‍: സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഒഡിഷയില്‍ രണ്ട് ഗ്രാമങ്ങളിലെ നിവാസികള്‍ തമ്മില്‍ സംഘര്‍ഷം. ഒഡിഷയിലെ മല്‍കാന്‍ഗിരി ജില്ലയിലാണ് രണ്ട് ഗ്രാമക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.സംഭവം വന്‍ കലാപത്തിലേക്കും അക്രമസംഭവങ്ങളിലേക്കും നീങ്ങിയതോടെ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത പോലീസ് കാവല്‍ തുടരുകയാണ്

മല്‍ക്കാന്‍ഗിരിയിലെ ഗോത്രവിഭാഗക്കാരും സമീത്തുള്ള ഗ്രാമത്തിലെ ബംഗാളി ഭാഷസംസാരിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചമുതലാണ് പ്രദേശത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഗോത്രവിഭാഗത്തില്‍പ്പെട്ട 51-കാരിയുടെ മൃതദേഹം നദിയില്‍നിന്ന് കണ്ടെടുത്താണ് സംഭവങ്ങളുടെ തുടക്കം. തലയില്ലാത്തനിലയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

അടുത്തിടെ അയല്‍ഗ്രാമത്തിലെ ഒരാള്‍ക്ക് സ്ത്രീ തന്റെ ഭൂമിയുടെ ഒരുഭാഗം പാട്ടത്തിന് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് സ്ത്രീയുടെ ഗ്രാമത്തിലുള്ളവര്‍ അയല്‍ഗ്രാമത്തിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. ഏകദേശം 5000-ഓളം പേരാണ് മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയതെന്നും നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കിയെന്നും നൂറോളം കുടുംബങ്ങളെ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ഗ്രാമങ്ങളിലുള്ളവരും പിന്നീട് പരസ്പരം ഏറ്റുമുട്ടിയതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *