കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ഭീതി പരത്തി. വയോധികനുമായി ആശുപത്രിയിൽ എത്തിവരും എതിർവിഭാഗത്തിലുള്ളവരുമാണ് മുൻ വൈരാഗ്യത്തെ തുടർന്ന് മിനിട്ടുകളോളം ഏറ്റുമുട്ടിയത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം.
അസഭ്യവർഷവും ആക്രമണവും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർമാരും ജീവനക്കാരും ഭയചകിതരായി. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമി സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി ആർഎംഒ വൈക്കം പോലീസിൽ പരാതി നൽകി.
പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങളും അക്രമി സംഘങ്ങളും ആക്രമണം നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
രാത്രികാലങ്ങളിൽ ആശുപത്രിയിൽ രാത്രി കാലങ്ങളിൽപോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസമായി പോലീസ് ഡ്യൂട്ടിക്ക് എത്തുന്നില്ല. ശബരിമല ഡ്യൂട്ടിക്കായി കൂടുതൽ പോലീസുകാർ പോയതോടെ ഡ്യൂട്ടിക്ക് പോലീസുകാരുടെ കുറവുണ്ടായെന്ന് അധികൃതർ പറയുന്നു.
അക്രമസംഭവങ്ങൾ പതിവാകുന്ന താലൂക്ക് ആശുപത്രിയിൽ മതിയായ സുരക്ഷ ഉറപ്പാക്കാത്തതിൽ ഡോക്ടർമാരും അതൃപ്തിയിലാണ്. ആശുപത്രി അധികൃതരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

