വാടക വീട്ടിലെ പാർട്ടിക്കിടെ സംഘർഷം;യുവാവിന് ക്രൂരമർദ്ദനം, 13 പേർ പിടിയിൽ

മെൽബൺ: മെൽബണിന്റെ പടിഞ്ഞാറൻ മേഖലയായ മാംബോറിനിൽ സംഘർഷത്തെത്തുടർന്ന് 13 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒരു വീട്ടിൽ യുവാവ് മർദ്ദനത്തിനിരയായെന്ന വിവരത്തെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വിൻഡാം വെയ്‌ലിന് സമീപമുള്ള വീട്ടിലെത്തിയ പോലീസിന് നേരെ അകത്തുണ്ടായിരുന്നവർ സഹകരിക്കാൻ തയ്യാറാകാതിരുന്നതോടെ അന്തരീക്ഷം സംഘർഷഭരിതമായി.

തുടർന്ന് അത്യാധുനിക ആയുധങ്ങളുമായി എത്തിയ സ്പെഷ്യൽ ടാക്റ്റിക്കൽ ഓഫീസർമാർ വീട് വളയുകയും അകത്ത് കടന്ന് 13 പേരെ പിടികൂടുകയുമായിരുന്നു. വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇരുപതുകാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ രാത്രി ഈ വീട്ടിൽ പാർട്ടി നടന്നിരുന്നതായാണ് വിവരം. ഓൺലൈൻ വഴി വാടകയ്ക്ക് നൽകുന്ന ഷോർട്ട് ടേം അക്കമഡേഷൻ സൗകര്യമുള്ള വീടാണിതെന്ന് അയൽവാസികൾ പറഞ്ഞു. ഇത്തരത്തിൽ വാടകയ്ക്ക് എത്തുന്നവർ നിരന്തരം ശല്യമുണ്ടാക്കാറുണ്ടെന്നും ആർക്കൊക്കെയാണ് വീട് നൽകുന്നതെന്ന് വ്യക്തതയില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.

കസ്റ്റഡിയിലെടുത്ത ഭൂരിഭാഗം പേരെയും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *